29
Sep 2023
Mon
29 Sep 2023 Mon

പത്താംക്ലാസ് വിദ്യാര്‍ഥിയെ കാര്‍ ഇടിച്ചുകൊന്ന കേസ്; പ്രിയരഞ്ജനെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പൂവച്ചലിലെ ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍ നിന്ന് പിടിയിലായ പ്രതിയെ കാട്ടാക്കടയില്‍ എത്തിച്ചു. കൊലപ്പെടുത്തിയ പ്രദേശത്ത് പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു

പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകന്‍ ആദി ശേഖര്‍(15) ആണ് കാറിടിച്ച് മരിച്ചത്. ഓഗസ്റ്റ് 30ന് വൈകീട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. ക്ഷേത്രത്തിനു മുന്നില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. എന്നാല്‍, അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ദുരൂഹതയും സംശയവും ഉയര്‍ന്നത്.

ആദിശേഖറും സുഹൃത്തും സൈക്കിള്‍ ചവിട്ടി പോകാന്‍ തുടങ്ങിയതിന് പിന്നാലെയാണ് അതുവരെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മുന്നോട്ടെടുത്തത്. തുടര്‍ന്ന് കുട്ടിയെ ഇടിച്ചിട്ട് അതിവേഗത്തില്‍ കുതിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രിയരഞ്ജന്‍ കുട്ടിയെ മനപ്പൂര്‍വം കാറിടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയും കുടുംബം പരാതി നല്‍കുകയുമായിരുന്നു.

പ്രതിയായ പ്രിയരഞ്ജന്‍ ആദിശേഖറിന്റെ അകന്നബന്ധു കൂടിയാണ്. നേരത്തെ പ്രിയരഞ്ജനും ആദിശേഖറും തമ്മില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആദിശേഖര്‍ ഇതിനെതിരേ പ്രതികരിച്ചതാണ് വഴക്കിനും പ്രതികാരത്തിനും കാരണമായതെന്നാണ് ആരോപണം. ‘മാമാ.. ഇവിടെ മൂത്രം ഒഴിക്കുന്നത് ശരിയാണോ ‘ എന്ന ആദിശേഖറിന്റെ നിഷ്‌കളങ്ക ചോദ്യത്തില്‍ നിന്നുണ്ടായ പ്രിയരഞ്ജന്റെ പകയാണ് പൈശാചികമായ കൊലപാതകത്തിലെത്തിയത്. തുടര്‍ന്നാണ് പ്രതി കുട്ടിയെ കാറിടിപ്പിച്ച് അപായപ്പെടുത്തിയതെന്നും ആരോപിക്കുന്നു.

പ്രതിക്കായി പൊലീസ് നാലു ടീമായി തിരിഞ്ഞ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. പ്രിയരഞ്ജനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.