തിഹാര്‍ ജയിലില്‍ കിടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കര്‍ മകള്‍ ലീന തബസ്സുമിന് എഴുതിയ മറുപടി കത്ത് ചര്‍ച്ചയാവുന്നു. (Popular front leader E Abubacker letter to duaghter leena thabassum) കടുത്ത രോഗപീഡകളാല്‍ വലയുകയാണെങ്കിലും തികഞ്ഞ ആത്മവിശ്വാസം സ്ഫുരിക്കുന്നതാണ് ഇ അബൂബക്കറിന്റെ കത്ത്.
|
കാന്‍സറിന്റെ പിടിയലമര്‍ന്ന മകളെ ആശ്വസിപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ എത്രയോ ഭേദമാണ് തിഹാര്‍ ജയിലെന്ന് അദ്ദേഹം കത്തിലൂടെ പറയുന്നു. മകള്‍ ലീന തബസ്സും തന്നെയാണ് ഫേസ്ബുക്കിലൂടെ പിതാവിന്റെ കത്ത് പങ്കു വച്ചത്.
കത്തിന്റെ പൂര്‍ണ രൂപം
തീഹാറില്‍ നിന്നും വാപ്പയുടെ മറുപടികത്ത്.
ബിസ്മില്ലാഹി റഹ്‌മാനി റഹീം
ലിനൂന്,
വഅലൈകുമുസ്സലാം വറഹ്‌മത്തുല്ലാഹി വബറകാത്തുഹു.
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?ഓപ്പറേഷനും കീമോ തെറാപ്പിയും കഴിഞ്ഞ് നീ ക്ഷേമൈശ്വര്യങ്ങളോടെ ജീവിക്കുകയായിരിക്കുമല്ലോ.എല്ലാവര്‍ക്കും ക്ഷേമൈശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.ഇനി നിനക്ക് ഒരു കടമ്പകൂടി ബാക്കിയില്ലേ – റേഡിയേഷന്‍.എന്നതാണത്? ആ തേജപ്രസരണം കൂടി കഴിഞ്ഞിട്ടാവാം സുഖവാസം. എനിക്കേതായാലും അത് വേണ്ടിവന്നിട്ടില്ല – എന്റെ മുഖത്തു തന്നെ തേജപ്രസരണം ഉള്ളതുകൊണ്ടായിരിക്കണം !
ഞങ്ങളുടെ ജയില്‍ സൂപ്രണ്ട് ശ്രീ. ഓംപ്രകാശ് സര്‍ നേരില്‍ കാണുമ്പോഴൊക്കെ നിന്റെ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്.
അറസ്റ്റ് കഴിഞ്ഞിട്ട് എത്ര ദിവസമായി എന്ന് നീ എണ്ണിക്കൊണ്ടിരിക്കുന്നുണ്ടല്ലോ – അതു മതി,വളരെ നല്ലത്.ഒരിക്കല്‍ ഉമ്മച്ചി വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു,’ഇന്നേക്ക് ഒരു കൊല്ലമായി നിങ്ങള്‍ പോയിട്ട്’ എന്ന്. അന്ന് ഞാന്‍ അമ്പരന്നു പോയി. നിങ്ങള്‍ അവിടെ ദിവസങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു,ഞാനിവിടെ മറ്റുള്ളവരോടൊപ്പം ‘ സുഭിക്ഷമായി ‘ ഒ.പി.ഡിയില്‍ ദാല്‍ കഴിച്ച് സുഖവാസം ചെയ്യുന്നു. ‘ഈ മഹാ കാരാഗൃഹത്തില്‍ ജയിലെവിടെ ‘ എന്ന് ഞാന്‍ പലപ്പോഴും അന്വേഷിച്ചിട്ടുണ്ട്. ഇതുവരെ ഇവിടെ എവിടെയാണ് ജയിലെന്ന്, ഏതാണ് ജയിലെന്ന്, എന്താണ് ജയിലെന്ന് കണ്ടെത്താനായിട്ടില്ല.
ഞങ്ങളിവിടെ മതേതരത്വത്തിന്റെയും മനുഷ്യമഹത്വത്തിന്റെയും വിശാല വിഹായസ്സിലാണ് ജീവിക്കുന്നത്.നിങ്ങള്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരമതദ്വേഷത്തിന്റെയും വലിയൊരു ചുറ്റുമതിലിനുള്ളില്‍, അഥവാ വലിയൊരു തടവറയില്‍! ഞങ്ങളിവിടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഹൃദയവിശാലതയില്‍ ജീവിക്കുന്നു – നിങ്ങളോ..?
14 – ാം തിയ്യതി ഞാന്‍ ‘ ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന്റെ അവസാന വാക്കില്‍ ‘ അഡ്മിറ്റ് ചെയ്യപ്പെട്ടു – AIIMS – ല്‍.13- ാം ദിവസം അവിടെ നിന്നും ഡിസ്ചാര്‍ജ്.ഇതിനിടയില്‍ ക്യാന്‍സറിന്റെ ഏതെങ്കിലും ധൂളികള്‍ എവിടെയെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നറിയാന്‍ PET സ്‌കാന്‍, സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ ഭൂപ്രദേശങ്ങളില്‍ എന്തെങ്കിലും തിരുശേഷിപ്പുകളുണ്ടോ എന്നറിയാന്‍ CE – CT സ്‌കാന്‍,പിന്നെയൊരു അള്‍ട്രാ സൗണ്ട് സ്‌കാന്‍…, നിരന്തര രക്തപരിശോധനകള്‍,പിന്നെ കുവ്വ(തലാല്‍)യുടെ പാചക – വാചക മഹാസാന്നിദ്ധ്യവും – അങ്ങനെ 13 ദിവസം!
ഡിസ്ചാര്‍ജിന്റെ തലേദിവസം ഞാന്‍ ഡോക്ടറോട് ചോദിച്ചു:എന്തിനാണ് നിങ്ങളെന്നെ ചികിത്സയും പരിശോധനയുമൊന്നും കൂടാതെ ഇവിടെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്? നിങ്ങള്‍ക്കെന്താണിത്ര ധൃതിയെന്ന് അദ്ദേഹം. ഞാന്‍ പറഞ്ഞു:’Tihar is waiting for me ‘ തിഹാര്‍ എന്നെ കാത്തിരിക്കുന്നു. അവിടുത്തേക്കാള്‍ ഇവിടെയല്ലേ സ്വാതന്ത്ര്യമെന്ന് അദ്ദേഹം വീണ്ടും.അത് ജയിലെങ്കില്‍,ഭൂമിയില്‍ ഏറ്റവും നല്ല സ്ഥലം അതെന്ന് ഞാന്‍. അവിടെ മതദ്വേഷമോ ജാതിഭേദമോ ഇല്ല. രാഷ്ട്രീയ വിവേചനങ്ങളില്ല.ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും ദലിതനും കള്ളനും മോഷ്ടാവും അതിഭീകരനും മിതഭീകരനും രാജ്യദ്രോഹിയും രാജ്യസ്നേഹിയും എല്ലാവരും ഒന്നിച്ചു ജീവിക്കുന്ന മാതൃകാസ്ഥാനമാണത്. ലിനൂ, ഞങ്ങള്‍ ഒരേ വിരിപ്പില്‍ കിടന്നുറങ്ങുന്നു.ഒരേ സുപ്രയില്‍ ആഹരിക്കുന്നു.ഇവിടെ ഉച്ചനീചത്വങ്ങളില്ല. അസ്പൃശ്യതയില്ല.വെറുപ്പോ വിദ്വേഷമോ ഇല്ല. പ്രശാസനമാണെങ്കില്‍ എല്ലാവരും വളരെ ഉഷാറാണ്.പൊതുവില്‍ എവിടെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ പൂജിക്കുന്നവരാണ് – ചിലര്‍ അദ്ദേഹത്തെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു, മറ്റുചിലര്‍ ഹൃദയത്തിനോടടുത്ത്,കീശയില്‍…
ജയിലിലെ ജീവനക്കാര്‍ എന്നോട് കാരുണ്യത്തോടെ പെരുമാറുന്നു.ഇവിടെ OPD യില്‍ സഹായികളായി സേവനം ചെയ്യുന്ന സേവാദാരന്മാരുണ്ട്.അവരില്‍ അധികപേരും 302 വകുപ്പുകാരാണ്.302 ാം വകുപ്പ് എന്താണെന്ന് നിനക്കറിയാമോ? കൊലപാതകം! ഒരുത്തനോട് ഞാന്‍ ചോദിച്ചു: നിനക്ക് സര്‍ജറി നന്നായി അറിയാമല്ലേ? ‘ ങ്ങേ, എന്നാരു പറഞ്ഞു?’ ഞാന്‍ പറഞ്ഞു:നിനക്ക് സര്‍ജറി അറിയാം, എന്നാല്‍ സ്റ്റിച്ചിംഗല്ലേ അറിയാത്തതായിട്ടുള്ളൂ…’ ആദ്യം പിടികിട്ടിയില്ലെങ്കിലും വൈകാതെ അവനും കാര്യം മനസ്സിലായി.അവന്‍ പിന്നെ ചിരിയോട് ചിരി. ഇതാണ് ഒരാളുടെ കഥ.അങ്ങനെ ഒക്കെ ആണെങ്കിലും ഇവിടെ കളങ്കമില്ല, ചതിയില്ല, ചതിയില്‍ വഞ്ചനയുമില്ല.
ലിനൂ….ഈ കത്ത് നിന്നെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിലും ഇത് ഉമ്മക്കും മക്കള്‍ക്കെല്ലാവര്‍ക്കുമുള്ളതാണ്. നിന്റെ കത്തില്‍ നീ NIA യുടെ ക്രൂരതയെ കുറിച്ച് പറഞ്ഞുവല്ലോ – അവരെ കുറ്റപ്പെടുത്തുന്നതെന്തിന്? അവര്‍ അവരുടെ യജമാനന്മാരുടെ വാക്ക് കേട്ട് അതിനനുസരിച്ച് തുള്ളുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്.അങ്ങനെയല്ലെങ്കില്‍,അവരുടെ കുഞ്ഞുകുട്ടിപരാധീനങ്ങള്‍ അയലില്‍ കേറും.അവര്‍ക്ക് അവരുടെ മക്കളെ തീറ്റണം,ഉടുപ്പിക്കണം,പഠിപ്പിക്കണം,ജോലിയില്‍ കേറ്റണം,ബ്യൂറോക്രസിയുടെ ഭാഗമാക്കണം… അത്‌കൊണ്ട് അവര്‍ക്ക് ഇതേ പ്രധാനം – കരിയര്‍ – അവരോട് ദേഷ്യപ്പെടേണ്ടതില്ല.
ഞാന്‍ NIA കസ്റ്റഡിയില്‍ ആയിരുന്നപ്പോള്‍ വളരെ മാന്യമായിരുന്നു അവരുടെ പെരുമാറ്റം.എനിക്ക് സ്ഥിരമായി ഉണ്ടാവാറുള്ള നെഞ്ചുവേദനയും ഡിസ്‌കംഫെര്‍ട്ടും ഉണ്ടായപ്പോള്‍ അവരെന്നെ ഉടനെ തന്നെ ഡല്‍ഹിയിലെ ഒരു പ്രധാന ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.ശുശ്രൂഷകരെ വെച്ചു.എനിക്ക് കാവലിരിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കി.അതിലൊരാളുടെ അമ്മക്ക് ക്യാന്‍സര്‍ ആയിരുന്നു.അദ്ദേഹമെന്നെ അയാളുടെ സ്വന്തം അമ്മയെയെന്നപോലെയോ അച്ഛനെയെന്നപോലെയോ ശുശ്രൂഷിച്ചു. എന്നാല്‍ കോടതി കസ്റ്റഡിയിലായ ശേഷം എനിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ അവര്‍ തടസ്സം നിന്നിട്ടുണ്ട്. ജാമ്യത്തിന് എതിര് നിന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. എന്നാല്‍ ചികിത്സക്ക് എതിര് നിന്നത്, ഇപ്പോള്‍ എതിര് നില്‍ക്കുന്നതും ,എന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് – അത്രമാത്രം.
എന്റെ ഇപ്പോഴത്തെ പ്രശ്‌നം,എഴുതാനും സംസാരിക്കാനും കഴിയുന്നില്ല എന്നതാണ്.ഓര്‍മ്മിക്കുവാനുള്ള ശേഷിയും കുറഞ്ഞിരിക്കുന്നു.വായിക്കാനും പറ്റുന്നില്ല.’ ഇല്ലാത്ത രോഗത്തിന് വല്ലാത്ത മരുന്ന്’ – രണ്ട് കൊല്ലം കഴിച്ച് കഴിച്ച് ഓര്‍മ്മയും ശരീരവും ചിന്തകളും തകര്‍ന്നു.എങ്കിലും അതിജീവനത്തിനുള്ള മരുന്നും ഊര്‍ജ്ജവും സഞ്ജീവനികളും നേരത്തേ തന്നെ ഉപരിലോകത്തിലുള്ളവനില്‍ നിന്ന് ശേഖരിച്ചു വെച്ചിരുന്നതു കൊണ്ട് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായില്ല.ഇത്തവണ എയിംസില്‍ നിന്ന് പോരുന്നതിന്റെ രണ്ട് ദിവസം മുന്‍പ് ഡോക്ടര്‍ പറഞ്ഞു,നിങ്ങള്‍ക്ക് ഡിമെന്‍ഷ്യയില്ലെന്ന്. ഡോണോപ്രസില്‍ എന്ന ഗുളിക വളരെ ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതാണെന്നറിഞ്ഞിട്ടും, ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം പാലിക്കേണ്ടത്തിന്റെ ഭാഗമായും രോഗം ഭേദമാകണമെല്ലോ എന്ന അനിവാര്യതയാലും, കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കഴിച്ചുവരികയാണ്.എന്നിട്ടിപ്പോള്‍ ഡോക്ടര്‍ പറയുന്നു എനിക്കാ രോഗം തന്നെയില്ലെന്ന്!
ഒരിക്കല്‍ എനിക്ക് കടുത്ത ക്ഷീണം.ഫോണ്‍ ചെയ്യാന്‍ പറ്റുന്നില്ല.വീഡിയോ കാളിലിരിക്കാന്‍ വയ്യ.നില്‍ക്കാനും ഇരിക്കാനും വയ്യാത്തത്ര ക്ഷീണം. അന്ന് എയിംസിലെ ന്യൂറോളജിസ്റ്റ് നെ കണ്ട്,ഇത്രയും ക്ഷീണമുണ്ടാക്കുന്ന സ്ഥിതിക്ക് തല്‍ക്കാലം ഈ ഗുളിക നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചതാണ്. ഡോക്ടര്‍ കര്‍ശനമായി വിലക്കി:ആ മരുന്ന് ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല,വേണമെങ്കില്‍ 10 mg എന്നുള്ളത് 5 mg യാക്കി കുറച്ചു തരാം എന്നായിരുന്നു നിര്‍ദ്ദേശം.അതിനെ കുറിച്ചാണ് ഇപ്പോള്‍ അതേ ഡോക്ടര്‍മാര്‍ പറയുന്നത്,രോഗമില്ലാതെയായിരുന്നു ഇത്രയും കാലം ആ മരുന്ന് കഴിച്ചിരുന്നത് എന്ന്. എന്നുവെച്ചാല്‍,ഇവിടെ നടന്നുവരുന്നത് ഒരുതരം ദയാവധമാണ് (euthanasia).ഇനി നേരിട്ടുള്ള വധമായിരിക്കാം സംഭവിക്കുന്നത്.ഏതായാലും ഒരു കാര്യം ഞാന്‍ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട് – ഈ വിധം ഞാന്‍ മരണത്തിന് വഴിപ്പെടില്ല.അഥവാ മരിക്കില്ലായെന്ന് – ഈ ജയിലില്‍ വെച്ച് ഞാന്‍ മരിക്കില്ല;പക്ഷേ രക്തസാക്ഷിയാവാം.
NIA – കുറിച്ച് എനിക്ക് ഒരാക്ഷേപവുമില്ല.കാരണം, ഞാന്‍ നേരത്തേ പറഞ്ഞുവല്ലോ. അവര്‍ സര്‍ക്കാരിന്റെ ഉത്തരവ് പാലിക്കുക മാത്രമാണ് ചെയ്യുന്നത്.നിനക്കറിയാമോ, എന്റെ നേരെയുള്ള അവരുടെ ദൃഷ്ടി ഒന്ന് പിന്‍വലിഞ്ഞു പോയാല്‍ മതി,അവര്‍ വലിയ വില നല്‍കേണ്ടിവരും. അത് കൊണ്ട് അവരെപ്പോഴും ജാഗ്രത്താണ്. പിന്നെ അതിവിശിഷ്ടരായ ചില ആളുകളുണ്ടാവും.അവര്‍ക്ക്,നെറികെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനില്‍ക്കില്ല എന്ന് മറുത്തു പറയലാണ് ഒരു വഴി.അതിന് പലര്‍ക്കും കഴിയില്ല.കാരണം മനസ്സാക്ഷിയുള്ളവര്‍ക്കേ അത് സാധിക്കുകയുള്ളൂ.അതില്‍ പലരുടെയും മനസ്സാക്ഷി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏതോ ഒരു മുറിയിലെ ഏതോ അലമാരയുടെ ഏതോ ഫയലിലെ ഏതോ ഒരു കടലാസില്‍ ആയിരിക്കും.ഇനിയും അവരില്‍ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ജോലിയില്‍ നിന്ന് നിഷ്ഠൂരമാം വിധം നിഷ്‌കാസിതരാവും.അത് കൊണ്ട് ഞാന്‍ പറയുന്നു, ലിനൂ ,അവര്‍ അവരുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാണ്. അവരാരും തന്നെ നമ്മുടെ വെറുപ്പിന് ശരവ്യമായിക്കൂട.
രാജ്യത്ത് പാലിക്കപ്പെടുന്ന ഭരണഘടനയും ഇവനെന്നും അവനെന്നും കാണാത്ത,ഇവനെയും അവനെയും ഒരുപോലെ വിവേചനരഹിതമായി കാണുന്ന ഒരു നീതിന്യായ വ്യവസ്ഥയും നിലനില്‍ക്കുന്നുവെങ്കില്‍, ഞാന്‍ പറയുന്നു – നുണയിലും കളവിലും കെട്ടിപ്പടുത്ത ഇവരുടെ മുഴുവന്‍ നിര്‍മ്മിതികളും ഇടിഞ്ഞുടഞ്ഞു തകര്‍ന്നടിയും. അവരിറക്കിയ കുറ്റപത്രം അവരെത്തന്നെ നോക്കി കൊഞ്ഞനം കുത്തും.അവരെന്നു പറഞ്ഞാല്‍ NIA അല്ല; ഭരണാസനങ്ങള്‍. അന്ന് കോടതികളിലെ വിശുദ്ധരായ ജഡ്ജിമാരുടെ പേനയില്‍ നിന്നും നാവില്‍ നിന്നും ഒരുത്തരവ് ഘോഷമായി പുറത്ത് വരും. അന്ന് ഞാനും എന്റെ സഹോദരന്മാരും ഞങ്ങളുടെ പ്രസ്ഥാനവും കുറ്റവാളികളല്ലാ എന്ന് തീരുമാനം വരും. മഹത്തായ ഇന്ത്യ രാജ്യത്തെയും അതിലെ ജനങ്ങളെയും സ്‌നേഹിക്കുകയായിരുന്നു ഇവരെന്ന്, രാജ്യത്തിന്റെ വര്‍ഗ്ഗീയ വിഭജനങ്ങളില്‍ ഇവര്‍ ദുഃഖിക്കുന്നവരായിരുന്നുവന്ന്,രാജ്യത്തിന്റെ വളര്‍ച്ചക്കും ജനങ്ങളുടെ അന്തസ്സാര്‍ന്ന ജീവിതത്തിനും വേണ്ടി ജനങ്ങളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയായിരുന്നുവെന്ന്, ഉത്തരവുണ്ടാകും. അന്ന് ബഹുമാനപ്പെട്ട കോടതികളിലെ വിശുദ്ധരായ ജഡ്ജിമാര്‍ ജസ്റ്റിസുമാരാകും.അവരില്‍ നിന്ന് ജസ്റ്റിസ് പുറത്ത് വരും – നീ ചോദിച്ചുവല്ലോ ‘ എവിടെ ജസ്റ്റിസ്?’എന്ന്.
എന്റെ അക്ഷരങ്ങള്‍ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള ക്ഷരങ്ങളായിരിക്കുന്നു.അതിനാല്‍ ഒരു സഹായിയാണ് എന്റെ വരികള്‍ കുറിക്കുന്നത്. എന്റെ കയ്യെഴുത്ത് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവാത്ത വിധം വികൃതമായിരിക്കുന്നു.കുറച്ച് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് എന്നെ തന്നെ മനസ്സിലാവാതെ വരുമോ എന്ന ആധിയും എനിക്കുണ്ട്.എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ കഴിയാത്ത പരുവത്തിലേക്ക് എന്റെ രോഗങ്ങള്‍ എന്നെ എത്തിക്കുമോ എന്ന ഉള്‍ഭയവും.ഒരുപക്ഷേ,കാലം നിങ്ങളോട് പറയും,അല്ലെങ്കില്‍ ചരിത്രം: ഇവിടെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന്, അയാള്‍ നിങ്ങളുടെ പിതാവായിരുന്നുവെന്ന്, ആയാള്‍ ധീരനായിരുന്നുവെന്ന്…. അത് കൊണ്ട് മക്കളേ, ധീരരായിരിക്കുക.
നാളെ എന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നുണ്ട്.
എനിക്കറിയില്ല, എന്താവുമെന്ന്. ദൈവേഛയല്ലാതെ ഒരുകാര്യത്തിലും ഒന്നും പ്രവര്‍ത്തിക്കില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരല്ലേ നമ്മള്‍. നീ എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്? നിന്റെയും എന്റെയും വിഷമങ്ങള്‍ എനിക്ക് മനസ്സിലാവും. എന്നാല്‍ നീ ഓര്‍ക്കുന്നുണ്ടോ – ഞാനീ ജയിലില്‍ കിടന്ന് മരിച്ചാല്‍ നിങ്ങളെന്ത് വിചാരിക്കുമെന്ന് ചോദിച്ച സമയം. മറ്റുള്ളവരോടൊപ്പം നീയായിരുന്നില്ലേ ആദ്യം കേറിപ്പറഞ്ഞത് – ഞങ്ങള്‍ ഒരു ധീര രക്തസാക്ഷിയുടെ മക്കാളാണെന്ന് അഭിമാനിക്കുമെന്ന്. ആ ധൈര്യമൊക്കെ ചോര്‍ന്ന് പോയോ ?
ഇന്ഷാ അല്ലാഹ്. നമുക്ക് കാണാം . ഒന്നുകില്‍ ഈ സര്‍വ്വം സഹ ഭൂമിയില്‍ വെച്ച് തന്നെ.അല്ലെങ്കില്‍ അവിടെ പരലോകത്ത് വെച്ച്.അതിന് വേണ്ടി പ്രാര്‍ത്ഥിക്കുക.
നമുക്ക് വേണ്ടിയുള്ള അല്ലാഹുവിന്റെ ലിഖിതങ്ങളില്‍ ഉള്ളതല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ല.
പ്രാര്‍ത്ഥനയോടെ,
നിങ്ങളുടെ വാപ്പ.
ഇ അബൂബക്കര്‍





