22
Jan 2023
Tue
22 Jan 2023 Tue

യുഎഇ രാജകുടുംബത്തിലെ ജീവനക്കാരന്‍ ചമഞ്ഞ് ഡല്‍ഹി ഹോട്ടലില്‍ 23 ലക്ഷം രൂപയുടെ ബില്ല് നല്‍കാതെ യുഎഇ പൗരന്‍മുങ്ങി. അബൂദബി രാജകുടുംബത്തിലെ ജീവനക്കാരന്‍ എന്ന വ്യാജേന ഡല്‍ഹി ലീലാ പാലസ് ഹോട്ടലില്‍ നാലുമാസത്തിലേറെ തങ്ങിയ യുഎഇ പൗരനാണ് തട്ടിപ്പ് നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഹമ്മദ് ഷരീഫ് എന്നയാള്‍ക്കെതിരേ ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. 2022 ആഗസ്ത് 1 മുതല്‍ നവംബര്‍ 20 വരെയാണ് പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇയാള്‍ മുറിയെടുത്തുതങ്ങിയത്. ഹോട്ടല്‍മുറിയിലെ വിലപിടിപ്പുള്ള വസ്തുക്കളും ഇയാള്‍ അപഹരിച്ചതായി പരാതിയില്‍ പറയുന്നു. 23 ലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ ബില്ലിനത്തില്‍ ഹോട്ടലിന് നല്‍കാനുള്ളത്.

അബൂദബിയിലെ രാജകുടുംബാംഗമായ ശൈഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ് യാന്റെ ഓഫിസിലെ ജീവനക്കാരനാണ് താനെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്. വ്യാജ ബിസിനസ് കാര്‍ഡും യുഎഇ റെസിഡന്റ് കാര്‍ഡും ഇയാള്‍ മുറിയെടുക്കുമ്പോള്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

ഔദ്യോഗികാവശ്യാര്‍ഥമാണ് ഇന്ത്യയില്‍ വന്നതെന്നും ഇയാള്‍ പറഞ്ഞിരുന്നു. ആകെ 35 ലക്ഷം രൂപയാണ് ഹോട്ടലില്‍ ബില്ലിനത്തില്‍ വന്നത്. ഇതില്‍ 11.5 രൂപ ഇയാള്‍ കെട്ടിയിരുന്നു. 20 ലക്ഷം രൂപയുടെ ചെക്കും ഇയാള്‍ നല്‍കുകയുണ്ടായി. എന്നാല്‍ പിന്നീട് വിവരം നല്‍കാതെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇതിനിടെ ചെക്ക് ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ ബാലന്‍സില്ലാത്തതിനാല്‍ ഇത് മടങ്ങി. ഹോട്ടലില്‍ ഏല്‍പ്പിച്ച ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് അടക്കം വ്യാജമാണെന്ന സംശയവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.