പവര്‍ പോയിന്റ് പ്രസന്റേഷന് സഹ നിര്‍മാതാവ് ഡെന്നിസ് ഓസ്റ്റിന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ദീര്‍ഘകാലമായ അര്‍ബുദ ബാധിതനായിരുന്ന ഡെന്നിസ് കാലിഫോര്‍ണിയയിലെ വസതിയില്‍ സപ്തംബര്‍ ഒന്നിനാണ് മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തിന്റെ മകന് മൈക്കല്‍ ഓസ്റ്റിനെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
|
വിര്‍ജിനിയ, എംഐടി, യുസി സാന്റാ ബാര്‍ബറ തുടങ്ങി നിരവധി സര്‍വകലാശാലകളില്‍ എന്‍ജിനീയറിങ് പഠിച്ച അദ്ദേഹം ഫോര്തോട്ട് എന്ന സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലിക്കു ചേരുകയും അവിടെ വച്ച് പവര്‍പോയിന്റ് വികസിപ്പിക്കുന്നതില്‍ പങ്കാളിയാവുകയുമായിരുന്നു. 1987ലാണ് കമ്പനി പവര്‍ പോയിന്റ് വികസിപ്പിച്ചത്. ഏതാനും മാസങ്ങള്‍ക്കു ശേഷം മൈക്രോസോഫ്റ്റ് ഈ കമ്പനി വന്‍ തുക നല്കി സ്വന്തമാക്കി. 1985 മുതല്‍ 1996ല്‍ വിരമിക്കുന്നതു വരെ ഡെന്നിസ് ഓസ്റ്റിന്‍ ആയിരുന്നു പവര്‍പോയിന്റിന്റെ പ്രാഥമിക ഡവലപര്‍.
ദിനംപ്രതി 3 കോടിയിലേറെ പ്രസന്റേഷനുകള്‍ പവര്പോയിന്റില് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. കോര്‍പറേറ്റ് ജീവനക്കാര്‍, ബിസിനസ് സ്കൂളുകള്‍, പ്രഫസര്‍മാര്‍, മിലിറ്ററി മേഖലകളിലാണ് പവര്‍പോയിന്റ് കൂടുതലായി ഉപയോഗിക്കുന്നത്.


