21
Sep 2022
Fri
21 Sep 2022 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതത്തിന്റെ അടയാളമായി ആരോപിച്ച് ഹിജാബ് നിരോധിച്ച ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളുടെ നടപടി ചോദ്യംചെയ്ത് മുസ്‌ലിം സംഘടനകളും മുസ്ലിം സ്ത്രീകളും നല്‍കിയ ഹരജികളില്‍ സുപ്രിംകോടതിയില്‍ വാദം പുരോഗമിക്കുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, ദുഷ്യന്ത് ദവെ, രാജീവ് ധവാന്‍, പ്രശാന്ത് ഭൂഷണ്‍, കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവരാണ് മുസ്ലിം പക്ഷത്തിന് വേണ്ടി വാദിക്കുന്നത്. ശക്തമായ വാദഗതികളാണ് മുസ്ലിം പക്ഷ അഭിഭാഷകര്‍ കോടതി മുമ്പാകെ ഉന്നയിക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി ബഞ്ചിനു മുമ്പാകെയാണ് വാദം നടക്കുന്നത്. 

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് മതപരമായ അടയാളങ്ങള്‍ നീക്കുന്നതാണ് യുക്തിയെങ്കില്‍ എല്ലാ മതപരമായ അടയാളങ്ങളും പദപ്രയോഗങ്ങളും ആചാരണങ്ങളും നിര്‍ത്തലാക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സിഖുകാരുടെ ടര്‍ബണും ഹിന്ദുക്കളുടെ തിലകവും ക്രിസ്ത്യാനികളുടെ കുരിശും നിരോധിക്കേണ്ടിവരും. ഹിജാബ് മാത്രം നിരോധിച്ചാല്‍ അതുവിവേചനമായി മാറുമെന്നും ഭൂഷണ്‍ വാദിച്ചു.

ഹിജാബ് ഭരണഘടനയുടെ 29ാം വകുപ്പിന് കീഴില്‍വരുന്ന സാംസ്‌കാരികാവകാശമാണെന്നും ഹിജാബ് വിലക്ക് മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്നും കപില്‍ സിബല്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം. ഭരണഘടനയുടെ 19ാം വകുപ്പില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല ഈ കേസ്. എല്ലാവര്‍ക്കും കൂടിച്ചേരാന്‍ യോഗ്യതയുള്ള പൊതുവായ ഇടമെന്ന ആശയവുമായും ഇത് ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഏതു വസ്ത്രം ധരിക്കണമെന്നത് സ്വന്തം ശരീരത്തില്‍ ഒരാള്‍ക്കുള്ള അവകാശത്തിന്റെ ഭാഗമാണോയെന്ന് പരിശോധിക്കണം.

ഹിജാബ് ധരിക്കുന്നത് തങ്ങളുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും ഭാഗമായാണ് മുസ് ലിം പെണ്‍കുട്ടികള്‍ കാണുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവരെ തങ്ങളുടെ സാംസ്‌കാരിക പരിസരത്തിലൂടെയാണ് വളര്‍ത്തുന്നത്. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഹിജാബ് ധരിക്കുന്നു. അതെന്റെ വ്യക്തി ജീവിതത്തിന്റെ ഭാഗമാണ്. സംസ്‌കാരിക പാരമ്പര്യവുമാണ്. എനിക്കെപ്പോഴും എന്റെ സാംസ്‌കാരിക പാരമ്പര്യം കൊണ്ടുനടക്കാനുള്ള അവകാശമുണ്ടോ അതോ സ്‌കൂള്‍ ഗേറ്റ് കടക്കുന്നതോടെ ഇല്ലാതാകുമോ- ഹരജിക്കാരിക്ക് വേണ്ടി സിബല്‍ ചോദിച്ചു.

prashant-bhushan-says-gov-can-t-ban-only-one-religious-dressing-in-educational-institutions