27
Apr 2024
Sat
27 Apr 2024 Sat
csds survey

ന്യൂഡല്‍ഹി: സംഘപരിവാരത്തിന്റെ ഹിന്ദുരാജ്യ അജണ്ടയെ തള്ളി രാജ്യത്തെ 79 ശതമാനം ജനങ്ങള്‍. ഇന്ത്യ ഒരു മതേതര ബഹുസ്വര രാജ്യമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റീസും ലോകനീതിയും സംയുക്തമായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 79 ശതമാനവും അഭിപ്രായപ്പെട്ടു. കേവലം 11 ശതമാനം പേര്‍ മാത്രമാണ് ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് വിശ്വസിക്കുന്നത്. ( Pre-poll survey finds support for religious pluralism )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമല്ല, ഇവിടെയുള്ള എല്ലാ മതവിഭാഗങ്ങളുടേതുമാണ്. എല്ലാവര്‍ക്കും രാജ്യത്തിനുമേല്‍ തുല്യാവകാശമാണുള്ളത്. ഏതു മതത്തിലും വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യവും രാജ്യത്ത് നിലനില്‍ക്കണമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ഓരോ 10 ഹിന്ദുക്കളിലും ഏകദേശം എട്ട് പേര്‍ മതപരമായ ബഹുസ്വരതയില്‍ വിശ്വാസമുണ്ടെന്ന് പറഞ്ഞു.

പൊതുധാരണയില്‍ നിന്ന് വ്യത്യസ്ഥമായി നഗര പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരേക്കാള്‍ മതപരമായ ബഹുസ്വരതയെയും സഹിഷ്ണുതയെയും പിന്തുണയ്ക്കുന്നതായാണ് സര്‍വേയില്‍ വെളിപ്പെട്ടത്.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസം കുറയുന്നു
പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസം കുറഞ്ഞുവരുന്നതായാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. 2019ലെ സര്‍വേയില്‍ 78 ശതമാനം ഉണ്ടായിരുന്നത് 58 ശതമാനമായി ഇടിഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തിരിമറി സാധ്യമാണെന്ന് 58 ശതമാനം പേരും വിശ്വസിക്കുന്നു.

തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രധാന വിഷയങ്ങള്‍

തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് വോട്ടര്‍മാരില്‍ ആശങ്കയുണ്ടാക്കുന്ന പ്രധാന വിഷയം. അഴിമതിയും അയോധ്യയിലെ രാമക്ഷേത്രവും വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ അഴിമതി വര്‍ധിച്ചതായി 55% ആളുകളും കുറഞ്ഞതായി 19% ആളുകളും വിശ്വസിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടപടി ഏതാണ് എന്ന ചോദ്യത്തിന്, സര്‍വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനം പേര്‍ അത് ഹിന്ദുക്കളുടെ ഏകീകരണത്തിന് സഹായിച്ചു എന്നാണ് അഭിപ്രായപ്പെട്ടത്. 22 ശതമാനം പേര്‍ രാമക്ഷേത്രമെന്നാണ് പ്രതികരിച്ചത്.

രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 8 വരെയാണ് സിഎസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വേ നടത്തിയത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സര്‍വേയില്‍ 10,019 പേരാണ് പങ്കെടുത്തത്.