വായ്പ അടവ് മുടങ്ങിയ ട്രാക്ടർ ബലംപ്രയോഗിച്ചു എടുത്തുകൊണ്ടുപോവുന്നതിനിടെ ഗർഭിണിയെ അതേവാഹനം കയറ്റികൊന്നു. ട്രാക്ടർ ഉടമയായ കർഷകന്റെ മൂന്നുമാസം ഗർഭിണിയായ മകളാണ് കൊല്ലപ്പെട്ടത്. ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം.
|
മിതിലേഷ് മേഹ്തയെന്നയാളുടെ ട്രാക്ടറാണ് ധനകാര്യസ്ഥാപനത്തിൽ നിന്നുള്ള സംഘം ബലംപ്രയോഗിച്ച് എടുത്തുകൊണ്ടുപോവാൻ ശ്രമിച്ചത്. ഇതിനിടെ ട്രാക്ടർ ഗർഭിണിയായ 27കാരിയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. സംഭവത്തിൽ ധനകാര്യസ്ഥാപനത്തിലെ മാനേജരടക്കം നാലുപേർക്കെതിരേ കൊലപാതകമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് സൂപ്രണ്ട് മനോജ് രത്തൻ അറിയിച്ചു.
ഭിന്നശേഷിക്കാരനായ മിതിലേഷ് മെഹ്ത മഹീന്ദ ഫിനാൻസ് കമ്പനിയിൽ നിന്ന് വായ്പയെടുത്താണ് ട്രാക്ടർ വാങ്ങിയെന്നു പൊലീസ് പറയുന്നു. ഈ ഇനത്തിൽ നൽകാൻ ശേഷിക്കുന്ന 1.3 ലക്ഷം രൂപയ്ക്കുവേണ്ടി വാഹനം എടുത്തുകൊണ്ടുപോവുകയാണെന്ന് ചൂണ്ടിക്കാട്ടി സ്ഥാപനത്തിൽ നിന്ന് മിതിലേഷിന് സന്ദേശം ലഭിച്ചിരുന്നു. സമീപത്തെ പെട്രോൾ പമ്പിലായിരുന്നു ട്രാക്ടർ നിർത്തിയിട്ടിരുന്നത്.
മിതിലേഷ് ഓടിയെത്തുമ്പോഴേക്ക് ട്രാക്ടർ കൊണ്ടുപോയിരുന്നു. തുടർന്ന് മിതിലേഷ് ട്രാക്ടറിന്റെ പിന്നാലെ ഓടിയെത്തി 1.2 ലക്ഷം രൂപ താൻ ഉടൻ അടയ്ക്കാമെന്നും വാഹനം വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടെങ്കിലും ധനകാര്യസ്ഥാപനത്തിലെ റിക്കവറി ഏജന്റ് വഴങ്ങിയില്ല. ഇയാൾ വീണ്ടും ട്രാക്ടറുമായി മുന്നോട്ടുപോവുകയും ഈ സമയം കർഷകന്റെ മകളും വാഹനത്തിനടുത്തേക്ക് ഓടിയെത്തുകയും ട്രാക്ടർ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ കലക്ടറേറ്റ് ഉപരോധിക്കുകയും പ്രതികളെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. രണ്ടുമണിക്കൂറിനു ശേഷം പൊലീസ് എത്തി പ്രതികളെ പിടികൂടുമെന്ന് വാക്കുനൽകിയതോടയാണ് ഇവർ ഒഴിഞ്ഞുപോയത്.



