ബീമാപള്ളി ഉറൂസ് മഹോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനവട്ടത്തിലേക്ക് നീങ്ങി. ഈ വര്‍ഷത്തെ ഉറൂസ് മഹോത്സവം കുറ്റമറ്റരീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്നും തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദേശം നല്‍കി. ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെയാണ് ഇക്കൊല്ലത്തെ ബീമാപള്ളി ഉറൂസ് നടക്കുന്നത്.
|
ഉറൂസിന് മുന്നോടിയായി ബീമാപള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യനീക്കം പുരോഗമിക്കുന്നതായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ഉത്സവമേഖലയിലെ നഗരസഭയ്ക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. ഹരിതചട്ടം കര്‍ശനമായി പാലിക്കുമെന്നും ദിശാബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. വലിയതുറബീമാപള്ളി റോഡ്, വലിയതുറഎയര്‍പോര്‍ട്ട് റോഡ്, മണക്കാട്‌വലിയതുറ റോഡ്, ബി.എസ്.എഫ് ലൈന്‍ റോഡ് എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ ഉറൂസിന് മുന്നോടിയായി പൂര്‍ത്തിയാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി നവിതാ പോലീസ് ഉള്‍പ്പെടെ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്ന് ഡി.സി.പി ബി.വി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. പട്രോളിങ് ശക്തമാക്കും കൂടാതെ വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും.
ഉത്സവ സമയത്ത് പൂര്‍ണ സജ്ജീകരണങ്ങളോടുകൂടിയ ഒരു ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവില്‍ ഡിഫെന്‍സ് വൊളണ്ടിയര്‍മാരുടെ സേവനവും ഉണ്ടായിരിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം ബീമാപള്ളിയില്‍ ക്യാമ്പ് ചെയ്യും. ആദ്യദിനം രാവിലെ എട്ട് മുതല്‍ രാത്രി പത്ത് മണി വരെയും മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി പത്ത് മണി വരെയും മെഡിക്കല്‍ ടീം ഉണ്ടായിരിക്കും. സമാപന ദിവസം രാവിലെ എട്ട് മുതല്‍ പിന്നേദിവസം രാവിലെ എട്ട് വരെ മെഡിക്കല്‍ ടീമിന്റെ സേവനം ലഭിക്കും. അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനവും ഉറപ്പാക്കും.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നഗരസഭയുമായി ചേര്‍ന്ന് പൂര്‍ത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പള്ളിക്കകത്ത് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ ഉറൂസിന് മുന്നോടിയായി അനെര്‍ട്ട് പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കും.
നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് ഉത്സവമേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി 15 സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തും. ബീമാപള്ളിയില്‍ താത്കാലിക സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആരംഭിക്കും. എക്‌സൈസിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ ബീമാപള്ളിയിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകളും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
Preparations for the Beemapally Uruz festival in final stages


