ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യാന്‍ ലോക്സഭാ സെക്രട്ടേറിയറ്റിനും കേന്ദ്ര സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രപതിയെ ഉള്‍പ്പെടുത്താത്തതു വഴി കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ലംഘനമാണ് നടത്തിയതെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ സി ആര്‍ ജയ സുകിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
|
‘പാര്‍ലമെന്റ് ഇന്ത്യയുടെ പരമോന്നത നിയമനിര്‍മ്മാണ സ്ഥാപനമാണ്. പാര്‍ലമെന്റില്‍ രാഷ്ട്രപതിയും രണ്ട് സഭകളും ഉള്‍പ്പെടുന്നു – ലോക്‌സഭയും രാജ്യസഭയും, ഏത് സഭയും വിളിച്ചുചേര്‍ക്കാനും പ്രൊറോഗ് ചെയ്യാനും രാഷ്ട്രപതിക്ക് അധികാരമുണ്ട്’ ഹര്‍ജിയില്‍ പറയുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ലെന്നും ഇത് അനുചിതമാണെന്നും ഹര്‍ജിയില്‍ വാദിച്ചു.
മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്, ടിഎംസി, എഎപി, എഐഎംഐഎം, ജെഡിയു എന്നിവയുള്‍പ്പെടെ 20 പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ സംഭവവികാസം .
‘രാഷ്ട്രപതി പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകമാണ്, ശിലാസ്ഥാപന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ എന്തിനാണ് ഒഴിവാക്കിയത് ഇപ്പോള്‍ രാഷ്ട്രപതിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ല. സര്‍ക്കാരിന്റെ ഈ തീരുമാനം ഉചിതമല്ല,’ ഹരജിയില്‍ പറയുന്നു.





