|
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തുന്നു. 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മണ്ഡലത്തില്‍നിന്ന് വിജയിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന് വയനാട്ടില്‍ റോഡ് ഷോയുണ്ടായിരിക്കും. ഏഴ് ദിവസമായിരിക്കും വയനാട്ടില്‍ പ്രിയങ്കയുടെ പര്യടനമുണ്ടായിരിക്കുക.
മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രചാരണ യോഗങ്ങള്‍ നടത്തും. എല്ലാത്തിലും പ്രിയങ്ക സംബന്ധിക്കും. ഇതുസംബന്ധിച്ച് യുഡിഎഫ് നേതൃയോഗത്തില്‍ പ്രാഥമിക പ്ലാന്‍ തയാറായി.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേരിട്ടാണ് വയനാട്ടിലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു ചുക്കാന്‍പിടിക്കുന്നത്. ഇതിനകം പല തവണ അദ്ദേഹം മണ്ഡലത്തിലെത്തി അവലോകനയോഗങ്ങള്‍ ചേര്‍ന്നു. സംസ്ഥാന ഏറ്റവും മുതിര്‍ന്ന നേതാക്കന്‍മാരെയാണ് ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇവരും നേരിട്ടെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
വയനാട്ടില്‍ ദേശീയ കൗണ്‍സിലംഗം സത്യന്‍ മൊകേരിയെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐ പ്രഖ്യാപിച്ചത്. പ്രചരണത്തിന്റെ ഭാഗമായി സത്യന്‍ മൊകേരി നാളെ മണ്ഡലത്തിലെത്തും.

ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഇന്നുണ്ടാകുമെന്നാണ് സൂചന. നടി ഖുശ്ബു, ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്‍, മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടിലെ സാധ്യത പട്ടികയിലുള്ളത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും ഇന്ന് സിപിഎം പ്രഖ്യാപിക്കും. പാലക്കാട് കോണ്‍ഗ്രസ് മുന്‍ ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ സരിന്‍ പിക്കും ചേലക്കരയില്‍ പി.ആര്‍ പ്രദീപിനുമാണ് സാധ്യത കൂടുതല്‍.
അടുത്ത മാസം 13നാണ് മൂന്ന് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നടക്കുന്നത്. 23നാണ് ഫലപ്രഖ്യാപനം നടക്കുക.
Priyanka Gandhi will submit nomination papers on 23rd.


