കൊച്ചി: പണം തന്നില്ലെങ്കില്‍ നെഗറ്റിവ് റിവ്യു നടത്തുമെന്ന് പറഞ്ഞുള്ള യൂട്യൂബര്‍മാരുടെ ‘ഗുണ്ടാ പിരിവി’നെതിരേ സിനിമാ നിര്‍മാതാക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) പരാതി നല്‍കുന്നു. സിനിമയെക്കുറിച്ച് മോശം നിരൂപണം പറയാതിരിക്കാന്‍ ഇവര്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇടനിലക്കാര്‍ വഴി പണം കൈപ്പറ്റുന്നുണ്ടെന്നുമാണ് നിര്‍മാതാക്കളുടെ പരാതി. യൂടൂബര്‍മാരുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യപ്പെടും.
|
മലയാളത്തിലെ നാലു മുന്‍നിര സിനിമാ റിവ്യൂ യുട്യൂബര്‍മാര്‍ക്കെതിരേ പേരെടുത്ത് പറഞ്ഞ് ആകും നിര്‍മാതാക്കള്‍ ഇ.ഡിയെ സമീപിക്കുക. ഇവര്‍ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും യുട്യൂബില്‍നിന്നുള്ള വരുമാനവും അന്വേഷിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടും.
മോശം വിലയിരുത്തല്‍ പറയാതിരിക്കാന്‍ അഞ്ചുലക്ഷം രൂപവരെ ഇവരില്‍ ചിലര്‍ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു മുമ്പാകെ ചില നിര്‍മാതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്. സിനിമകളുടെ ഡിജിറ്റല്‍ പ്രമോഷന്‍ നടത്തുന്ന ചിലരാണ് ഇവരുടെ ഇടനിലക്കാര്‍. ഇവരാണ് തുക പറഞ്ഞുറപ്പിക്കുന്നതും യുട്യൂബര്‍മാര്‍ക്കുവേണ്ടി പണം കൈപ്പറ്റുന്നതും. പണം എവിടെവച്ച് എങ്ങനെ കൈമാറുന്നുവെന്നത് രഹസ്യമാണ്.
സംഘടനയിലുള്ള ചിലര്‍ തങ്ങളുടെ സിനിമയ്ക്ക് അനുകൂലറിവ്യൂ പുറത്തുവിടാന്‍ പണം കൊടുത്തതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തന്നെ സമ്മതിക്കുന്നു. പക്ഷേ, ഇത് പുറത്തുപറയാനോ പരാതിപ്പെടാനോ ഇവര്‍ തയ്യാറല്ല. മറ്റുള്ളവരുടെ സിനിമകളെ നെഗറ്റീവ് റിവ്യൂവിലൂടെ ആക്രമിക്കാന്‍ യുട്യൂബര്‍മാര്‍ക്ക് പണം നല്‍കുന്നവരുമുണ്ട്. ഇതിനിലാണ് വിഷയത്തില്‍ ഇതുവരെ പരാതി പറയാന്‍ നിര്‍മാതാക്കള്‍ മടിച്ചുനിന്നത്.
Asking for money not to say bad things; Producers to complain to ED against YouTubers


