21
Jun 2025
Sun
21 Jun 2025 Sun
PSG beat Inter Milan 5-0

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മ്യൂണിക്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ കന്നി കിരീടം സ്വന്തമാക്കി ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി (Paris Saint-Germain – PSG). നാലാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇറ്റാലിയന്‍ ശക്തരായ ഇന്റര്‍ മിലാനെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നാണം കെടുത്തിയാണ് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജി വിജയാഘോഷം നടത്തിയത്. ലീഗ് ചരിത്രത്തില്‍ പിഎസ്ജിയുടെ ആദ്യകിരീടം കൂടിയാണിത്.

തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പിഎസ്ജി ആദ്യ 30 മിനിറ്റില്‍ തന്നെ 59 ശതമാനം പന്തടക്കം സ്വന്തമാക്കി കരുത്ത് തെളിയിച്ചു. ആദ്യപകുതിയില്‍ 12ാം മിനിറ്റില്‍ മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കീമിയാണ് ചാപ്യന്‍മാര്‍ക്ക് വേണ്ടി വലകുലുക്കിയത്. ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഗോളും ഹക്കീമിയുടെ വകയായി. ഡിസൈര്‍ ഡുവോയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍.

20ാം മിനിറ്റില്‍ ഡുവോയിലൂടെ പിഎസ്ജി ലീഡ് ഉയര്‍ത്തി. ഫ്രാന്‍സിന്റെ ഉസ്മാന്‍ ഡെംബലെ ഇടതു വിങ്ങില്‍നിന്ന് നല്‍കിയ ഉജ്വല ക്രോസ് തകര്‍പ്പനൊരു വോളിയിലൂടെ പന്ത് ഡുവോയുടെ വലയിലേക്ക് എത്തിക്കുകയായിരുന്നു. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ 19 വയസ്സുകാരനായ ഡിസൈര്‍ ഡുവോ സ്വന്തമാക്കി. 63ാം മിനിറ്റിലും താരം വല കുലുക്കി.

ആദ്യ പകുതി അവസാനിക്കുമ്പോള്‍ പിഎസ്ജി രണ്ട് ഗോളിന് മുന്നിലായിരുന്നു. അവസാന മിനിറ്റുകളില്‍ പിഎസ്ജി കൂടുതല്‍ ആക്രമണസ്വഭാവം കാണിച്ചതോടെ ലീഡ് ഉയര്‍ന്നു. തിരിച്ചടിക്കാന്‍ ഇന്റര്‍ മിലാന്‍ നിരന്തരം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടെ 63ാം മിനിറ്റില്‍ ഡിസൈര്‍ ഡുവോ പിഎസ്ജിയുടെ ലീഡ് മൂന്നായി ഉയര്‍ത്തി.

73ാം മിനിറ്റില്‍ ക്വിച്ച ഖ്വാരസ്‌കേലിയ നാലാം ഗോള്‍ കൂടി നേടിയതോടെ ആരാധകര്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. പകരക്കാരനായി ഇറങ്ങി രണ്ടു മിനിറ്റിനപ്പുറം സെന്നി മയുലുവും ലക്ഷ്യം കണ്ടതോടെ പിഎസ്ജി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

കഴിഞ്ഞ പതിറ്റാണ്ടിനിടെ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ തുടങ്ങിയവര്‍ ഒരുമിച്ചുകളിച്ചിട്ടും നേടാന്‍ കഴിയാതെപോയ കിരീടം ഇപ്പോള്‍ പിഎസ്ജി സ്വന്തമാക്കിയതിലൂടെ സ്പാനിഷ് പരിശീലകന്‍ ലൂയി എന്റീക്കെ ക്ലബ്ബിന്റെ ഹീറോയായി. 2011ല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ക്ലബ്ബിനെ സ്വന്തമാക്കിയശേഷം നേടുന്ന ഏറ്റവും പ്രധാന കിരീടമാണിത്.

PSG beat Inter Milan 5-0: Champions League final