PSLV-C 56 വിക്ഷേപിച്ചു; ഏഴ് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നു
|
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ) വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 6.30നാണ് പിഎസ്എല്‍പി കുതിച്ചുയര്‍ന്നത്. സിംഗപ്പൂരിന്റെ ഡിഎസ്- എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വിയുടെ വിക്ഷേപിച്ചത്. ഇസ്രോയുടെ വാണിജ്യദൗത്യത്തിന്റെ ഭാഗമാണ് ഈ വിക്ഷേപണം. പിഎസ്എല്‍വിയുടെ അമ്പത്തിയെട്ടാം ദൗത്യമാണിത്.
360 കിലോഗ്രാം ഭാരമുള്ള ഡിഎസ്- എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ സിംഗപ്പൂര്‍ സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗപ്പെടുത്തും.
വിക്ഷേപണം കഴിഞ്ഞ് ഇരുപത്തിയൊന്ന് മിനിറ്റ് പിന്നിടുമ്പോഴാകും പ്രധാന ഉപഗ്രഹമായ ഡിഎസ് സാര്‍ റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുക. ഇരുപത്തിനാല് മിനിറ്റ് കഴിയുമ്പോഴേക്കും അവസാന ചെറു ഉപഗ്രഹവും വേര്‍പ്പെടും
23 കിലോഗ്രാം ഭാരമുള്ള ടെക്‌നോളജി ഡമോണ്‍സ്‌ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്‌മോസ്ഫറിക് കപ്ലിങ് ആന്‍ഡ് ഡൈനാമിക്‌സ് എക്‌സ്‌പ്ലോറര്‍ (ആര്‍ക്കേഡ്), സ്‌കൂബ് 2, ന്യൂലിയോണ്‍, ഗലാസിയ 2, ഓര്‍ബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എല്‍വിയില്‍ വിക്ഷേപിച്ചു. ഏപ്രില്‍ 19ന് പിഎസ്എല്‍വിയില്‍ സിംഗപ്പൂരിന്റെ ടെലിയോസ്2, ലുമെലൈറ്റ്4 എന്നീ 2 ഉപഗ്രഹങ്ങള്‍ ഇസ്രോ വിക്ഷേപിച്ചിരുന്നു.


