30
Apr 2023
Tue
30 Apr 2023 Tue

ന്യൂഡൽഹി: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ വീഴ്ച സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ യോജിച്ച നീക്കത്തിന് പ്രതിപക്ഷം നീക്കം തുടങ്ങി. കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രപതിക്ക് പരാതി നൽകുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിലേക്ക് വരെ നീങ്ങാനാണ് ആലോചന. വിഷയം ശക്തമായി ഉന്നയിക്കണമെന്ന് കെ.സി വേണുഗോപാൽ ഉദ്ധവ് താക്കറെയുമായി നടത്തിയ ചർച്ചയിൽ ധാരണയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുൽവാമ ഭീകരാക്രമണത്തിന് വിധേയരായ സിആർപിഎഫ് ജവാന്മാരെ കൊണ്ടുപോയ വാഹനവ്യൂഹവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീർ മുൻ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്കാണ് വിവാദത്തിന് തിരികൊളുത്തിയത്. സിആർപിഎഫ് ജവാന്മാരെ വ്യോമമാർഗ്ഗം കൊണ്ടു പോകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതുൾപ്പെടെയുള്ള കാര്യങ്ങളാണ് പുൽവാമ ആക്രമത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സിആർപിഎഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലും ജവാന്മാരെ റോഡ് മാർഗ്ഗം കൊണ്ടുപോയതിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു.

സാധാരണ സൈനികരെ റോഡുമാർഗ്ഗം കൊണ്ടു പോകാറുണ്ട്. എന്നാൽ 78 വാഹനങ്ങളടങ്ങുന്ന കോൺവോയി പോകാൻ തീരുമാനിച്ചത് അസാധരണമെന്നാണ് സിആർപിഎഫും വിലയിരുത്തി. ഇത് വിവരം ചോരാനും വാഹനവ്യൂഹത്തിന് ശ്രദ്ധ കിട്ടാനും ഇടയാക്കി. സ്‌ഫോടനമുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പുകളിൽ എവിടെയും സിആർപിഎഫ് വാഹനവ്യൂഹത്തിന് ഭീഷണിയുള്ളതായി വിവരം കിട്ടിയിരുന്നില്ല.

വാഹന വ്യൂഹത്തിലെ അഞ്ചാമത്തെ വാഹനത്തിനരികിലേക്ക് കാർ ഓടിച്ചു കയറ്റിയാണ് സ്‌ഫോടനം നടത്തിയത്. മഞ്ഞു മൂടി ശ്രീനഗറിലെ വഴികൾ അടഞ്ഞത് കാരണമാണ് നിരവധി സൈനികർക്ക് ഒന്നിച്ച് യാത്ര ചെയ്യേണ്ട സാഹചര്യം വന്നത്. രഹസ്യാന്വേഷണ വീഴ്ച ഉൾപ്പടെ മിണ്ടരുത് എന്ന് തന്നോട് പ്രധാനമന്ത്രി നിർദ്ദേശിച്ചതായി സത്യപാൽ മാലിക്ക് പറഞ്ഞിരുന്നു.

പ്രതിപക്ഷം യോജിച്ച നീക്കത്തിലേക്ക് കടക്കുമ്പോഴും പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ ബിജെപിയും സര്‍ക്കാരും അകലം പാലിക്കുകയാണ്. സംഭവത്തില്‍ പ്രതിരോധത്തിലായതു കൊണ്ടും മറച്ചുവയ്ക്കാനുള്ളതുകൊണ്ടുമാണ് ഈ നിലപാടെന്നാണ് പ്രതിപക്ഷം കരുതുന്നത്.