14
Apr 2023
Wed
14 Apr 2023 Wed

ന്യൂഡൽഹി: മഹാത്മാഗാന്ധി വധത്തിൽ ആർ.എസ്.എസിനെയും ഹിന്ദു വർഗീയവാദികളെയും വിമർശിക്കുന്ന ഭാഗങ്ങൾ പാഠപുസ്തകങ്ങളിൽനിന്ന് നരേന്ദ്രമോദി സർക്കാർ ഒഴിവാക്കി. കേന്ദ്ര വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള നാഷനൽ കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) ആണ് നടപടി സ്വീകരിച്ചത്. മുഗൾ ഭരണാധികാരിളെ കുറിച്ചുള്ള പാഠഭാഗങ്ങളും ഒഴിവാക്കിയിരുന്നു. മുഗൾ ഭരണം ഒഴിവാക്കിയതിന് കാരണം രാഷ്ട്രീയ കാരണങ്ങളല്ലെന്നും കോവിഡിനെ തുടർന്നുള്ള സമ്മർദ്ദത്തെ തുടർന്നാണെന്നാണ് കഴിഞ്ഞ ദിവസം എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേഷ് പ്രസാദ് സക്ലാനി പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഗൾ സാമ്രാജ്യത്തെ കുറിച്ചുള്ള ഭാഗങ്ങളും ഗാന്ധി വധത്തിൽ ആർ.എസ്.എസിനെയും ഹിന്ദു വർഗീയവാദികളെയും പ്രതിരോധത്തിലാക്കുന്ന ഭാഗങ്ങളും 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഉൾപ്പെടെയുള്ള പാഠഭാഗങ്ങളുമൊക്കെയാണ് എൻ.സി.ഇ.ആർ.ടി നീക്കം ചെയ്തത്. എന്തുകൊണ്ടാണ് ചിലർ മാത്രം വർഗ്ഗീയമായി ചിന്തിക്കുന്നത് എന്ന അർഥത്തിൽ പറഞ്ഞാണ് മുഗൾ ഭരണം ഒഴിവാക്കിയതിനെതിരെ വന്ന വിമർശനങ്ങളെ എൻ.സി.ഇ.ആർ.ടി ഡയറക്ടർ പ്രതിരോധിച്ചത്. വർഗ്ഗീയമായി ചിന്തിക്കുന്നത് പാഠപുസ്തക കമ്മിറ്റിയാണെന്നതാണ് പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ തെളിയുന്ന വസ്തുത.

ഒന്നര പതിറ്റാണ്ടായി പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റിയത്. ‘ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിച്ചവരെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല, ഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ വർഗീയ വിദ്വേഷം പടർത്തുന്ന സംഘടനകളെ നിരോധിച്ചിരുന്നു. ആർ.എസ്.എസ് പോലുള്ളവയ്ക്കും കുറച്ചുകാലത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു, ഹിന്ദു- മുസ്ലിം ഐക്യത്തിനായുള്ള ഗാന്ധിയുടെ ശ്രമങ്ങളാണ് ഹിന്ദു തീവ്രവാദികളെ വളരെയധികം പ്രകോപിപ്പിച്ചത്. അവർ ഗാന്ധിജിയെ വധിക്കാൻ നിരവധി ശ്രമങ്ങൾ നടത്തി’ എന്നിങ്ങനെ പാഠപുസ്തകത്തിൽ ഉണ്ടായിരുന്ന ഭാഗങ്ങളെല്ലാം പരിഷ്‌കരണത്തിന്റെ ഭാഗമായി ഒഴിവാക്കിയിരിക്കുകയാണ്.

എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് പരാമർശമുള്ള ‘അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി’ എന്ന ഭാഗം 11-ാം ക്ലാസ് സോഷ്യോളജി പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വർഗവും മതവും വംശീയതയും പലപ്പോഴും പാർപ്പിട മേഖലയിൽ എങ്ങനെ വേർതിരിവുകളുണ്ടാക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുന്ന ഖണ്ഡികയാണ് ഇത്. വർഗീയ അക്രമങ്ങൾ ധ്രുവീകരണം എങ്ങനെ വർധിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായി 2002ലെ ഗുജറാത്ത് കലാപത്തെയും ഇവിടെ ഉദ്ധരിച്ചിരുന്നു. ഈയൊരു പാഠഭാഗം കൂടി നീക്കം ചെയ്തതോടെ ആറ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠ ഭാഗങ്ങളെല്ലാം ഒഴിവാക്കപ്പെട്ടു.

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് ടെക്സ്റ്റ് ബുക്കിലെ രണ്ട് ഭാഗങ്ങൾ ഒഴിവാക്കിയതായി മാത്രമേ എൻ.സി.ഇ.ആർ.ടി ഔദ്യോഗികമായി അറിയിച്ചിരുന്നുള്ളു.ഇതിനു പുറമെ പന്ത്രണ്ടാം ക്ലാസിലേക്കുള്ള ചരിത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കൻമാരെ കുറിച്ച് പരാമർശിക്കുന്ന ”രാജാക്കന്മാരും ദിനവൃത്താന്തങ്ങളും’ എന്ന ഭാഗമാണ് എൻ.സി.ഇ.ആർ.ടി നീക്കം ചെയ്തത്.

അമേരിക്കൻ മേധാവിത്വം ലോക രാഷ്ട്രീയത്തിൽ, ശീതയുദ്ധ കാലഘട്ടം എന്നീ രണ്ട് അധ്യായങ്ങളാണ് പൗരശാസ്ത്ര പുസ്തകത്തിൽ നിന്ന് നീക്കിയത്. പൊളിറ്റിക്കൽ സയൻസിലെ രാഷ്ട്രീയം സ്വാതന്ത്ര്യത്തിന് ശേഷം എന്ന പുസ്തകത്തിൽ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഏകകക്ഷി ആധിപത്യത്തിന്റെ കാലഘട്ടം എന്നീ അധ്യായങ്ങൾ ഒഴിവാക്കി.പത്ത്, പതിനൊന്ന് ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി നേരത്തേ പരിഷ്‌കരിച്ചിരുന്നു. പതിനൊന്നാം ക്ലാസ്സിലെ ലോക ചരിത്രമെന്ന പാഠപുസ്തകത്തിൽ നിന്ന് സെൻട്രൽ ഇസ്ലാമിക് ലാൻഡ്‌സ്, ഇൻഡസ്ട്രിയൽ റവല്യൂഷൻ തുടങ്ങിയ അധ്യായങ്ങളാണ് നേരത്തേ നീക്കം ചെയ്തത്.