03
Mar 2025
Wed
03 Mar 2025 Wed
MV GOVINDAN AND PV ANWAR

മലപ്പുറം: സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാറ്റിനും പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സ്ഥിരം നമ്പറിനെ ട്രോളി പി വി അന്‍വര്‍. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവരാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘ പരിവാറിന്റെ അതേ കണ്ണട തന്നെയാണോ ഗോവിന്ദന്‍ മാഷ് ഉപയോഗിക്കുന്നതെന്നും ഇതൊക്കെ മാറ്റിപിടിക്കേണ്ട കാലം അതിക്രമിച്ചുവെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

താന്‍ നിലമ്പൂരില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ കൂടിയ ആളുകള്‍ എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടേയും പ്രവര്‍ത്തകരാണെന്നാണ് പറഞ്ഞിരുന്നത്. ഇതൊക്കെ മാറ്റിപിടിക്കേണ്ട സമയം കഴിഞ്ഞെന്നും ടെക്‌നോളജിയുടെ ബീറ്റാ വേര്‍ഷനോടാണ് സംവദിക്കുന്നത് എന്നെങ്കിലും ഓര്‍ക്കണ്ടേയെന്നും അന്‍വര്‍ പരിഹസിച്ചു.

ആശാ പ്രവര്‍ത്തകരുടെ സമരമല്ല, സമരം കൈകാര്യം ചെയ്യുന്നവരാണ് പ്രശ്‌നമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.

‘സമരം രാഷ്ട്രീയപ്രേരിതമാണ്. സമരമല്ല പ്രശ്‌നം, ആ സമരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ചില ആളുകളുണ്ട്. എസ്.യു.സി.ഐ, ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവര്‍. അവരെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അല്ലാതെ ആശാ വര്‍ക്കര്‍മാരോട് ഞങ്ങള്‍ക്ക് എന്താ വിരോധം? ഞങ്ങളുടെ വര്‍ഗമല്ലേ’ എന്നായിരുന്നു എം.വി ഗോവിന്ദന്‍ പറഞ്ഞത്.

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകരാണ് സെക്രട്ടേറിയേറ്റിനു മുമ്പില്‍ നിരന്നിരിക്കുന്ന ഈ വനിതകള്‍.
പറയുന്നത് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാണ്.സംഘപരിവാരത്തിന്റെ ‘സെയിം’ കണ്ണട തന്നെയാണോ ഈയിടെയായി മാഷും ഉപയോഗിക്കുന്നത്?
ഞാന്‍ നിലമ്പൂരില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിലും പങ്കെടുത്തത് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവര്‍ത്തകരാണ് എന്നാണ് അന്ന് പറഞ്ഞിരുന്നത്.
എന്റെ ഗോവിന്ദന്‍ മാഷേ.. ഇതൊക്കെ ഒന്ന് മാറ്റി പിടിക്കേണ്ട കാലം അതിക്രമിച്ചു. ‘ടെക്‌നോളജിയുടെ ബീറ്റാ വേര്‍ഷനോടാണ്’ സംവദിക്കുന്നത് എന്നെങ്കിലും ഓര്‍ക്കണ്ടേ?’

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക