24
Jan 2025
Tue
24 Jan 2025 Tue
PV anwar in panakkad

മലപ്പുറം: യു.ഡി.എഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ എം.എല്‍.എ പാണക്കാട്ടെത്തി. (PV Anwar MLA in Panakkad) സംസ്ഥാന ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ച്ചാ വേളയില്‍ സാദിഖലി പ്രതികരിച്ചു. അന്‍വര്‍ യൂഡിഎഫില്‍ എത്തുമെന്ന വ്യക്തമായ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാണക്കാട് തങ്ങളെ വ്യക്തിപരമായി കണ്ടതാണെന്നും വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തില്‍ അദ്ദേഹത്തിന്റെ പിന്തുണ തേടിയെന്നും അന്‍വര്‍ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പറഞ്ഞു. പാണക്കാട് തങ്ങള്‍ ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടില്ല. വന നിയമ ഭേദഗതി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പിന്തുണ തേടിയതായും അന്‍വര്‍ പറഞ്ഞു.

ALSO READ: റിജിത്ത് വധക്കേസില്‍ 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തും. അന്‍വറിനെ മുന്നണിയിലെടുക്കാന്‍ ലീഗിന്റെ നേതൃത്വത്തില്‍ സമ്മര്‍ദം തുടരുന്നതിനിടെയാണു പുതിയ നീക്കം.

വന്യജീവി ആക്രമണത്തിനെതിരായ പ്രതിഷേധത്തിനിടെ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ അന്‍വര്‍ ജാമ്യം കിട്ടി തിങ്കളാഴ്ച വൈകീട്ടാണ് ജയലില്‍നിന്ന് പുറത്തിറങ്ങിയത്.

നേരത്തെ, രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വന നിയമ ഭേദഗതിക്കെതിരെ അന്‍വര്‍ ആഞ്ഞടിച്ചിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ലെന്നും നിയമം പാസായാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഗുണ്ടകളായി മാറുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.

വന നിയമഭേദഗതിയുടെ ഭീകരത അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. വന്യജീവി ആക്രമണം സ്വാഭാവിക പ്രതിഭാസമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. മനുഷ്യരെ കൊലക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഉണ്ടാകാന്‍ പോകുന്നത്. റവന്യൂ വകുപ്പ് കൈമാറിയ ഭൂമികളില്‍ വനവത്കരണം നടത്തി. ജനങ്ങള്‍ പോയി വനത്തില്‍ വീട് വെച്ചതല്ല, മറിച്ച് ജനങ്ങള്‍ക്ക് ഇടയില്‍ വന്ന് കാട് നിര്‍മിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു.