21
Nov 2024
Sun
21 Nov 2024 Sun
qatar hamas

ദോഹ: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥം വഹിക്കില്ലെന്ന വാര്‍ത്തകള്‍ തള്ളി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. (Qatar denies reports of withdrawal from Gaza ceasefire talks) ഇസ്രായേലും ഹമാസും തമ്മിലെ ചര്‍ച്ചകള്‍ നിലവില്‍ തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും ഇരു കക്ഷികളും ആത്മാര്‍ഥമായി സന്നദ്ധത അറിയിച്ചാല്‍ മധ്യസ്ഥത തുടരുമെന്ന് ഖത്തര്‍വിദേശകര്യ വക്താവ് മാജിദ് അല്‍ അന്‍സാരി വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മധ്യസ്ഥ ദൗത്യത്തില്‍ നിന്നു ഖത്തര്‍ പിന്‍വാങ്ങുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതാണ് വിദേശ കാര്യ വക്താവിന്റെ പ്രസ്താവന.

ALSO READ: അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ട്

വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള അവസാന ശ്രമം എന്ന നിലയില്‍ പത്തു ദിവസം മുമ്പു നടന്ന ചര്‍ച്ചയില്‍ ഇരു കക്ഷികളും കരാറില്‍ എത്താന്‍ തയ്യാറല്ലെങ്കില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍, കാര്യഗൗരവത്തോടെ സമീപിക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് ഖത്തറിന്റെ നിലപാട്.

മധ്യസ്ഥത ഖത്തറിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ഉപകരണമാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡോ. അല്‍ അന്‍സാരി വ്യക്തമാക്കി. ആദ്യ വെടിനിര്‍ത്തലില്‍ കരാര്‍ നിര്‍ദേശങ്ങളില്‍ നിന്ന് പിന്മാറുകയും ചര്‍ച്ചകള്‍ വലിച്ചുനീട്ടി യുദ്ധം തുടരാനുള്ള ന്യായമായി അത് ഉപയോഗിക്കുകയും ചെയ്യുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. പരോക്ഷമായി ഇസ്രായേലിനെ ലക്ഷ്യമിട്ടാണ് ഡോ. അല്‍ അന്‍സാരിയുടെ വിമര്‍ശനം.

ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ ഖത്തറിന്റെ പിന്തുണ തുടരും. 1967ലെ അതിര്‍ത്തികള്‍ പ്രകാരം കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുക എന്ന ദൗത്യം ഇതില്‍ പ്രധാനാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.

ഹമാസ് നേതാക്കള്‍ രാജ്യം വിടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടതായായിരുന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ നല്‍കിയത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ഗസയില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനുമായി ഖത്തര്‍ സജീവമായി രംഗത്തുണ്ട്.