23
Feb 2023
Tue
23 Feb 2023 Tue

മുസ് ലിം ലീഗിന് കീഴിലുള്ള പ്രവാസി സംഘടനയായ കെ.എം.സി.സി ഖത്തര്‍ ഘടകത്തിന് നോര്‍ക്കയുടെ അംഗീകാരം. വിഭാഗീയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം നല്‍കിയതെന്ന് ചെയര്‍മാന്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.അതേസമയം, മത ജാതി ഭിന്നതകള്‍ വച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നോര്‍ക്കയുടെ അംഗീകാരം നല്‍കുന്നതിലെ നിരോധനം തുടരുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നോര്‍ക്ക യോഗത്തിലാണ് തീരുമാനം. മറ്റ് രാജ്യങ്ങളിലെ സംഘടനകളുടെ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് അംഗീകാരം നല്‍കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുമെന്നും ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.
കോവിഡ് മഹാമാരി കാലത്ത് ഖത്തര്‍ കെഎംസിസി വന്‍തോതിലുള്ള സാമുഹികപ്രവര്‍ത്തനങ്ങളാണ് നടത്തിയത്. പ്രവാസികളെ നാടുകളിലേക്ക് അയയ്ക്കുന്നതിനായി ലോക്ക്ഡൗണ്‍ കാലത്ത് 36 ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് കെഎംസിസിയുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചത്.

പതിനായിരക്കണക്കിന് ഭക്ഷണക്കിറ്റുകള്‍ വീടുകളില്‍ എത്തിക്കുകയും നാട്ടിലേക്ക് യാത്ര ചെയ്യാനാവാതെ കുടുങ്ങിയവര്‍ക്ക് മരുന്നുകളെത്തിച്ചു നല്‍കുകയും ചെയ്തിരുന്നു. മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കൗണ്‍സിലിങ്ങ് സെഷനുകള്‍ നടത്തിയും നാട്ടില്‍ പോകുന്ന അംഗങ്ങള്‍ക്കും മരണമടഞ്ഞവര്‍ക്കുമൊക്കയായി കോടിക്കണക്കിന് രൂപയുടെ ധന സഹായം നല്‍കിയും കെ.എം.സി.സി നടത്തിയ ഇടപെടലുകള്‍ ഏറെ പ്രശംസനീയമാണ്. ഇക്കാലത്ത് തുമാമയിലെ കെ.എം.സി.സി ആസ്ഥാനം 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു.

മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലും ഖത്തറില്‍ തന്നെ സംസ്‌കരിക്കുന്നതിലും കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി വര്‍ഷങ്ങളായി മാതൃകാപരമായ സേവനങ്ങളാണ് നടത്തിവരുന്നത്. ഈ സേവനങ്ങള്‍ മുന്‍ നിര്‍ത്തി ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഹ്യൂമന്‍ റൈറ്റ്സ് വിഭാഗം ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തനം നടത്തിയതിനുള്ള അവാര്‍ഡ് ഖത്തര്‍ കെ.എം.സി.സിക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കെഎംസിസി ഖത്തര്‍ ചാപ്റ്ററിന് നോര്‍ക്കയുടെ അംഗീകാരം ലഭിക്കുന്നത്്.