ദോഹ: ഇസ്രായേലിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഖത്തര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ ജോലിചെയ്തിരുന്ന സ്ഥാപനമായ ദഹ്‌റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വീസസ് അടച്ചുപൂട്ടി. ഖത്തര്‍ നാവികര്‍ക്ക് പരിശീലനം നല്‍കിയിരുന്ന സ്ഥാപനമാണ് ദഹ്‌റ കള്‍സള്‍ട്ടന്‍സി.
|
അറസ്റ്റിലായ നാവികരെ കൂടാതെ എഴുപത്തിയഞ്ചോളം ഇന്ത്യക്കാര്‍ ഈ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മെയ് 31 അവസാന തൊഴില്‍ ദിനമാണെന്നും അതിന് മുമ്പ് രാജ്യം വിടണമെന്നും അറിയിച്ചുകൊണ്ട് ഇവര്‍ക്ക് സന്ദേശം നല്‍കിയതായും അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ കരാര്‍ പ്രകാരമുള്ള പ്രത്യേക പാക്കേജ് നല്‍കിയായിരിക്കും ഇവരെ പിരിച്ചുവിടുക.
ഇസ്രായേലിനായി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ വിചാരണ പൂര്‍ത്തിയാവാത്തതിനാല്‍ ഇപ്പോഴും ഖത്തറില്‍ തടവില്‍ കഴിയുകയാണ്. ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, സിഡിആര്‍ അമിത് നാഗ്പാല്‍, സിഡിആര്‍ പൂര്‍ണേന്ദു തിവാരി, സിഡിആര്‍ സുഗുണാകര്‍ പകല, സിഡിആര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് തടവിലുള്ളത്.
കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി(റിട്ട) ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വീസസിന്റെ മാനേജിങ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. 2002ല്‍ നാവികസേനയില്‍ നിന്ന് സ്വയം വിരമിച്ച തിവാരിയെ 2019-ല്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ നല്‍കി അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആദരിച്ചിരുന്നു.


