21
Oct 2023
Sun
21 Oct 2023 Sun

ദോഹ: ഇസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടെ ഇസ്രായേല്‍ അനുകൂല പ്രസ്താവന നടത്തിയ ഇസ്രായേലി പൗരന്റെ ഖത്തറിലെ കഫേ ബഹിഷ്‌ക്കരിക്കാന്‍ സമൂഹ മാധ്യമങ്ങളില്‍ ആഹ്വാനം. ലുസൈല്‍ സിറ്റിയിലെ അല്‍ മഹാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പുര വിദ കഫേയുടെ ഇസ്രായേലി പൗരനായ സിഇഒ ഒമര്‍ ഹൊറേവ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇസ്രായേലിനെ പിന്തുണച്ചും ഹമാസിനെയും പലസ്തീനികളെയും എതിര്‍ത്തും സന്ദേശം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കഫേ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസ് ആസ്ഥാനമായുള്ള കഫേ കഴിഞ്ഞ വര്‍ഷം അവസാനമാണ് ലുസൈല്‍ നഗരത്തില്‍ ശാഖ തുറന്നത്. വിദേശികള്‍ക്കും പ്രാദേശിക സന്ദര്‍ശകര്‍ക്കും ഇഷ്ടപ്പെട്ട കഫേയായിരുന്നു പുര വിദ. ഹൊറേവിന്റെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് ശേഷമാണ് ഇസ്രായേലുമായുള്ള കഫേയുടെ ബന്ധം പുറത്തുവന്നത്. ഒരു പോസ്റ്റില്‍, ഹമാസിനെ ‘മൃഗങ്ങള്‍’ എന്നും മറ്റൊരു പോസ്റ്റില്‍ പലസ്തീനികളെ ‘ഭീകരവാദികള്‍’ എന്നും ഹൊറേവ് വിശേഷിപ്പിച്ചു. ഇതിനു പിന്നാലെയായിരുന്നു പുര വിദ കഫേ ബഹിഷ്‌കരിക്കാന്‍ അറബ് പൗരന്മാരുടെ ആഹ്വാനമുണ്ടായത്.