|
ചെന്നൈ: അമിതമായി അയേണ്‍ ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ഊട്ടി മുനിസിപ്പല്‍ ഉറുദു മിഡില്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. 45 അയേണ്‍ ഗുളികകള്‍ കഴിച്ചാണ് കുട്ടിയുടെ ആരോഗ്യനില വഷളായതും മരണപ്പെട്ടതും. വ്യാഴാഴ്ചയായിരുന്നു സംഭവം. പതിമൂന്ന്കാരിയായ ജയ്ബ ഫാത്തിമയാണ് മരണപ്പെട്ടത്. മൂന്ന് ദിവസം മുമ്പാണ് കുട്ടി ഗുളിക കഴിച്ചത്. സ്‌കൂളിലെ പ്രധാന അധ്യാപകന്റെ മുറിയില്‍ സൂക്ഷിച്ചിരുന്ന അയേണ്‍ ഗുളികകളാണ് കുട്ടി കഴിച്ചത്. ഗുളിക കഴിച്ച മൂന്ന് പെണ്‍കുട്ടികളെയും രണ്ട് ആണ്‍കുട്ടികളെയും തലകറക്കത്തെ തുടര്‍ന്ന് ഊട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
പെണ്‍കുട്ടികളെ കൂടുതല്‍ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതിനിടയിലാണ് ജയ്ബ ഫാത്തിമയുടെ സ്ഥിതി ഗുരുതരമായത്. തുടര്‍ന്ന് ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉച്ചഭക്ഷണ സമയത്ത് പ്രധാന അധ്യാപകന്റെ മുറിയില്‍ കയറി അയേണ്‍ ഗുളികകള്‍ എടുത്തത്.
ആരാണ് ഏറ്റവും കൂടുതല്‍ ഗുളികകള്‍ കഴിക്കുക എന്ന് വെല്ലുവിളിച്ച് തുടങ്ങിയതായിരുന്നു. 15 ഗുളികകള്‍ അടങ്ങുന്ന മൂന്ന് സ്ട്രിപ്പാണ് ജയ്ബ കഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂളിലെ ഉറുദു അധ്യാപകന്റെ മകളാണ് ജയ്ബ. സ്‌കൂളുകളില്‍ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അയണ്‍ ഗുളികകള്‍ നല്‍കാറുണ്ട്. ഇതിന് വേണ്ടിയാണ് അയേണ്‍ ഗുളികകള്‍ ഓഫീസില്‍ സൂക്ഷിച്ചത്.


