01
Mar 2023
Sat
01 Mar 2023 Sat

ന്യൂഡൽഹി: പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വാർത്താ സമ്മേളനം ഇന്ന്. ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്താണ് വാർത്താസമ്മേളനം വിളിച്ചത്. മോദിക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ച് സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. രാഹുൽഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയ നടപടിയിൽ അടങ്ങിയിരിക്കേണ്ടെന്നും രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനുമാണ് തീരുമാനം. രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.

വിഷയത്തിൽ എല്ലാ ബി.ജെ.പിയിതര കക്ഷികളെയും കോൺഗ്രസ് കൂടെ കൂട്ടും. ഒരേസമയം, എ.ഐ.സി.സിയും പി.സി.സികളും സംഘടിപ്പിക്കുന്ന സമരമുറയാവും സ്വീകരിക്കുക. സംസ്ഥാനതലങ്ങളിൽ രാജ്ഭവൻ മാർച്ച് ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. അഭിഭാഷകരുടെയും നിയമ വിദഗ്ധരുടെയും സംഘത്തെ രൂപീകരിച്ച് നിയമ പോരാട്ടവും നടത്തും. ജില്ലാ, ബ്ലോക്ക് തലത്തിൽ പ്രതിഷേധ സംഗമങ്ങൾ തീർക്കാനും യോഗത്തിൽ തീരുമാനമായി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ യോഗത്തിൽ അധ്യക്ഷതവഹിച്ചു.