|
ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ, എംപിയ്ക്ക് അനുവദിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയണമെന്ന് കാണിച്ച് പാർലമെന്റ് ഹൗസിങ് കമ്മിറ്റി രാഹുലിന് നോട്ടീസ് നൽകിയിരുന്നു. കത്തിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ താൻ ഉറപ്പായും പാലിക്കുമെന്ന് വ്യക്തമാക്കി പാർലമെന്റ് ഹൗസിങ് കമ്മിറ്റിക്ക് രാഹുൽ മറുപടി നൽകി.
‘കഴിഞ്ഞ 4 തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ, അവിടെ ചെലവഴിച്ച സമയത്തിന്റെ സന്തോഷകരമായ ഓർമ്മകൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. തീർച്ചയായും, നിങ്ങളുടെ കത്തിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ ഞാൻ പാലിക്കും’ രാഹുൽ മറുപടി കത്തിൽ വ്യക്തമാക്കി.
രാഹുൽ അയോഗ്യനാക്കപ്പെടുന്നതോടെ, പാർലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് നേരത്തെ ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകിയത്. ഏപ്രിൽ 23ന് ഉള്ളിൽ വസതി ഒഴിയാനാണ് നിർദേശം.
ഔദ്യോഗിക വസതി ഒഴിയുന്നതോടെ രാഹുൽഗാന്ധിയുടെ ഇനിയുള്ള താമസം അമ്മ സോണിയാഗാന്ധിക്കൊപ്പമാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാഹുൽഗാന്ധിയെ ദുർബലമാക്കാൻ എല്ലാ ശ്രമങ്ങളും അവർ നടത്തും. വസതി ഒഴിയുകയാണെങ്കിൽ അദ്ദേഹം അമ്മയോടൊപ്പം താമസിക്കും, അല്ലെങ്കിൽ എനിക്കൊപ്പം വരാം, അതുമല്ലെങ്കിൽ എന്റെ വസതി ഞാൻ ഒഴിഞ്ഞുനൽകും’ ഖാർഗെ പറഞ്ഞു.
‘രാഹുൽ ഗാന്ധിയെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശ്രമിക്കുന്ന കേന്ദ്രത്തിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു. ഇത് ശരിയായ വഴിയല്ല. ഞങ്ങൾക്ക് ഔദ്യോഗിക വസതികൾ അനുവദിക്കുന്നത് കാലതാമസം ഉണ്ടായിട്ടുണ്ട്. എനിക്ക് ആറുമാസം കഴിഞ്ഞാണ് കിട്ടിയത്. ഇതെല്ലാം മനുഷ്യരെ അപമാനിക്കാൻ വേണ്ടിയാണ്’ ഖാർഗെ പറഞ്ഞു.





