|
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ വീട് സന്ദർശിച്ച് സ്ഥലം എം.പികൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൽപ്പറ്റ പാറവയലിലുള്ള വീട്ടിലാണ് രാഹുൽഗാന്ധി ഇപ്പോൾ എത്തിയിരിക്കുന്നത്. വിശ്വനാഥന്റെ ഭാര്യയുമായും മറ്റ് കുടുാംബങ്ങളുമായും രാഹുൽ സംസാരിച്ചു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് വിശ്വനാഥൻ ആത്മഹത് ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തങ്ങൾക്ക് നീതി ലഭണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് രാഹുൽ വിശ്വനാഥന്റെ വീട്ടിലെത്തിയത്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർക്കൊപ്പമാണ് രാഹുൽ വന്നത്. കുടുംബം പങ്കുവെച്ച ആശങ്ക കെ.സി വേണുഗോപാൽ രാഹുലിന് വിശദീകരിച്ചുകൊടുത്തു. പിഞ്ചു കുഞ്ഞിനെ മടിയിലിരുത്തിയാണ് കുടുംബം രാഹുലുമായി സംസാരിച്ചത്.
വിശ്വനാഥന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് പൊലീസ് അസിസ്റ്റന്റ് കമ്മീഷണറോടും ആശുപത്രി സൂപ്രണ്ടിനോടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. കഴുത്തിൽ കുരുക്ക് മുറുകിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയപ്പോഴായിരുന്നു വിശ്വനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് ചിലർ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതോടെയാണ് വിശ്വനാഥൻ ഓടി രക്ഷപ്പെട്ടത്. തൊട്ടടുത്ത ദിവസം സമീപത്തുള്ള പനയിൽ തൂങ്ങിമരിച്ച നിലയിൽ വിശ്വനാഥനെ കണ്ടെത്തി.



