അവിശ്വാസപ്രമേയ ചര്‍ച്ച അല്‍പ്പസമയത്തിനകം: രാഹുല്‍ ഗാന്ധി തുടക്കമിടും, ഓരോ പാര്‍ട്ടിക്കും ലഭിക്കുന്ന സമയം എത്ര? വിശദാംശങ്ങള്‍ അറിയാം
|
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ സഖ്യം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ ലോക്‌സഭയില്‍ ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച ആരംഭിക്കും. രണ്ടു ദിവസമായി 12 മണിക്കൂര്‍ ചര്‍ച്ചയാണ് അനുവദിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിടുക.
ചര്‍ച്ചയില്‍ പകുതിയിലേറെ സമയവും ബിജെപിക്കാണ് ലഭിക്കുക. ആറു മണിക്കൂര്‍ 41 മിനിറ്റാണ് ബിജെപിക്ക് നല്‍കിയത്. കോണ്‍ഗ്രസിന് ഒരു മണിക്കൂര്‍ 15 മിനിറ്റും ഉണ്ട്. മറ്റു പാര്‍ട്ടികള്‍ക്കും സ്വതന്ത്ര അംഗങ്ങള്‍ക്കും സമയം അനുവദിച്ചിട്ടുണ്ട്.
ബിജെപിയില്‍ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 15 പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു എന്നിവരാണ് സംസാരിക്കുക.
കോണ്‍ഗ്രസില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് പുറമെ, ഗൗരവ് ഗൊഗോയി, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും സംസാരിക്കും. മറ്റു പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. രണ്ടു ദിവസത്തെ ചര്‍ച്ചയ്ക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും.
അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്നോടിയായി രാവിലെ 10 ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗവും, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ യോഗവും ചേരുന്നുണ്ട്. ബിജെപി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണ്ട് പാര്‍ലമെന്റില്‍ മറുപടി പറയിക്കാനുള്ള നീക്കമായിട്ടാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയ ചര്‍ച്ചയെ കാണുന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിആര്‍എസ് ഇന്ത്യ മുന്നണിയെ പിന്തുണക്കും. അതേസമയം ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും സഭയിലെത്തില്ല. ലോക്‌സഭയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസം പാസാവില്ലെങ്കിലും മണിപ്പുര്‍ കലാപത്തില്‍ രണ്ടുദിവസങ്ങളായി നടക്കുന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി മറുപടി പറയുമെന്നതാണു പ്രതിപക്ഷത്തിന്റെ നേട്ടം.
മേയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 170ല്‍ അധികം മനുഷ്യര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് മനുഷ്യര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍, പ്രധാനമന്ത്രിയുടെ ശ്രദ്ധ കൂടുതലായി ലഭിക്കേണ്ട മറ്റൊരു വിഷയവുമില്ലെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയില്‍ നിന്നും പ്രതിപക്ഷം ഓടിയൊളിക്കുകയാണെന്നാണു ഡല്‍ഹി ഭരണനിയന്ത്രണ ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഇന്നലെ അമിത് ഷാ പറഞ്ഞത്. കഴിഞ്ഞ 26നാണ് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയി അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ ഓംബിര്‍ള ഇത് അംഗീകരിക്കുകയായിരുന്നു. സഭയില്‍ എന്‍ഡിഎയ്ക്ക് 332 എംപിമാരാണുള്ളത്. ഇന്ത്യ സഖ്യത്തില്‍ ഉള്ളത് 144 എംപിമാരാണ്.





