ഷിംല: ഹിമാചല്‍പ്രദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു. മഴക്കെടുതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ 71 പേര് മരിച്ചു. ഈ വര്‍ഷത്തെ മണ്‍സൂണില്‍ സംസ്ഥാനത്തിന് നിലവില്‍ 75,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍ നിര്‍മിക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര് സിംഗ് സുഖു പറഞ്ഞു.
|
പര്‍വതസമാനമായ വെല്ലുവിളിയാണ് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്ച ഷിംലയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര് മരിച്ചു. ഷിംലയിലെ കൃഷ്ണ നഗറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മഴക്കെടുതിയെ തുടര്‍ന്ന്, ഷിംലയിലെ എല്ലാ സ്കൂളുകളും അടച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തടസ്സപ്പെട്ടതിനാല്‍ ഷിംലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഹിമാചല്‍ പ്രദേശിലെ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് വരെ സീസണിലെ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ഹിമാചലില്‍ ഇതിനകം ലഭിച്ചു. സീസണിലെ ശരാശരി 730 മില്ലിമീറ്ററാണ്. 742 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ വര്‍ഷം ജൂലൈയില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ മഴ കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ഇത് കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തത്തിലേക്ക് നയിച്ചു.





