രാജസ്ഥാനിലെ അജ്മീറില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിനെ വഴിതെറ്റിക്കാന്‍ നാടകം കളിച്ച ബിജെപി നേതാവും കാമുകിയും അറസ്റ്റില്‍. ഈമാസം 10 നാണ് കൊലപാതകം നടന്നത്. കേസില്‍ ബിജെപി നേതാവ് രോഹിത് സൈനി, കാമുകി റിതു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
|
തന്റെ ഭാര്യയായ സഞ്ജു സൈനിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും അജ്ഞാതരായ കവര്‍ച്ചക്കാര്‍ ഭാര്യയെ കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞെന്നുമായിരുന്നു ഭര്‍ത്താവ് രോഹിത് സൈനി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, രോഹിത്തിന്റെ മൊഴികളിലെ വൈരുധ്യം പോലീസില്‍ സംശയം ജനിപ്പിച്ചു. രോഹിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താനാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചത്.
കാമുകിയായ റിതുവിന്റെ നിര്‍ബന്ധപ്രകാരമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് രോഹിത് പൊലീസിന് നല്‍കിയ മൊഴി. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായാണ് ഭാര്യയെ താന്‍ കൊലപ്പെടുത്തിയതെന്ന് രോഹിത് സമ്മതിച്ചതായി അഡീഷണല്‍ റൂറല്‍ എസ്പി ദീപക് കുമാര്‍ സ്ഥിരീകരിച്ചു
പ്രതികളായ രോഹിത്തും റിതുവും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. രോഹിത്തുമൊത്തുള്ള സുഗമമായ ജീവിതത്തിന് സഞ്ജു സൈനിയുടെ സാന്നിധ്യം തടസമാണെന്ന് മനസ്സിലാക്കിയ റിതു കൊലപാതകത്തിന് പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് രോഹിത് കൊലപാതകം നടത്തുകയും അതൊരു കവര്‍ച്ചാകേസായി മാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
സ്വന്തം വീട്ടില്‍ വെച്ച് തന്നെയാണ് രോഹിത് ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയത്. മുഖ്യ പ്രതിയായ രോഹിത് സൈനിയെയും കാമുകി റിതുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.


