മലപ്പുറം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ഉത്തരമായോ? എസ്എന്‍ഡിപിക്കും എന്‍എസ്എസിനും പിന്നാലെ സമസ്തയുടെയും ഒപ്പം മുസ്ലിം ലീഗിന്റെയും പിന്തുണ ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല ഉറപ്പാക്കിയതായാണ് സൂചന. (Ramesh Chennithala invited to inaugurate the Jamia Nooriya conference)
|
എന്‍എസ്എസ്, എസ്എന്‍ഡിപി പിന്തുണയ്ക്ക് പിന്നാലെ ജാമിഅഃ നൂരിയ സമ്മേളന വേദിയിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുകയാണ്. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷന്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്.
ജനുവരി നാലിന് എം കെ മുനീര്‍ അധ്യക്ഷനാകുന്ന സെഷന്‍ ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡന്റ്. ലീഗ് നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതെന്നാണ് അറിയുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ജാമിഅഃ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ സതീശന് ജാമിഅഃ സമ്മേളനത്തില്‍ ക്ഷണമില്ല.
നേരത്തെ മന്നംജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ എന്‍എസ്എസും ശിവഗിരി തീര്‍ത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്ക് എസ്എന്‍ഡിപിയും രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടെ പരിപാടിയിലേക്കും ചെന്നിത്തല അതിഥിയായെത്തുന്നത്.
എട്ടുവര്‍ഷത്തെ അകല്‍ച്ചയ്ക്ക് ശേഷമായിരുന്നു എസ്എന്‍ഡിപി അവരുടെ വേദിയിലേയ്ക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. 2013ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തല സുകുമാരന്‍ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകന്നത്.
കോണ്‍ഗ്രസില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയില്‍ രമേശ് ചെന്നിത്തലയുടെ വര്‍ധിച്ചു വരുന്ന പിന്തുണ കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്.


