ആലപ്പുഴ: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ആലപ്പുഴയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയുമായ കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിനിമാ കോമഡി താരം രമേശ് പിഷാരടി. രാജ്യത്തെ പ്രശ്‌നങ്ങളറിയാന്‍ വണ്ടിയെടുത്ത് പുറത്തിറങ്ങി പെട്രോളടിച്ച്, കുറച്ച് സാധനങ്ങളൊക്കെ വാങ്ങിവന്നാല്‍ മതിയെന്ന് രമേഷ് പിഷാരടി പറഞ്ഞു. രണ്ട് ദിവസം പത്രം വായിച്ചാല്‍ എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് മനസ്സിലാകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസരമാണെന്നും പിഷരടി പറഞ്ഞു. കെസി വേണുഗോപാലിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന മഹിളാ ന്യായ് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു രമേശ് പിഷാരടി.
|
സിപിഎമ്മിനെയും ബിജെപിയെയും താരം പരിഹസിച്ചു. ആലപ്പുഴക്കാര്‍ക്ക് കെസി വേണുഗോപാലിനോട് പരാതിയുള്ളതായി താന്‍ അറിഞ്ഞു. ഒന്നു രണ്ട് തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയില്ല എന്നതാണ് അവരുടെ പരാതി. എംഎല്‍എയും എംപിയും ആയപ്പോഴും അല്ലാതിരുന്നപ്പോഴും കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ തന്നെ ഉണ്ടായിരുന്നു. കണ്ണൂരില്‍നിന്ന് പെട്ടിയുമായി വന്ന സമയം മുതല്‍ ഇതുവരെ അദ്ദേഹത്തിന് ഇവിടെ ഓഫീസുണ്ട്. കെസി ആലപ്പുഴയില്‍ ഇല്ലെങ്കില്‍ മാത്രമേ നമുക്ക് മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമുള്ളൂ. ആലപ്പുഴയ്ക്ക് ഇത്രയും അനുരൂപനായ മറ്റൊരാളുണ്ടോ എന്ന് സംശയിക്കുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.
രാജ്യത്തെ എല്ലാ മേഖലയിലും ഒരുപാട് വനിതകള്‍ ജോലിചെയ്യുന്നുണ്ട്. ചില ജ്വല്ലറികളിലെ പരസ്യവാചകം പോലെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവൃത്തി. പണിക്കുറവും ഇല്ല പണിക്കൂലിയും ഇല്ല. ആശാ വര്‍ക്കര്‍മാര്‍ക്കും അംഗനവാടി ടീച്ചര്‍മാര്‍ക്കും കര്‍ഷകര്‍ക്കും പണിയുണ്ട്. എന്നാല്‍ പണിക്കൂലിയില്ല, അത് കിട്ടിയാല്‍ കിട്ടി, ഒത്താല്‍ ഒത്തു. കേരളം ഞെക്കി, കേന്ദ്രം ഞെക്കി, ഞെരുക്കുന്നു, അമര്‍ത്തുന്നു എന്നൊക്കെ പറഞ്ഞ് ഇരിക്കുകയാണെന്നും പിഷാരടി വിമര്‍ശിച്ചു.
ഇവിടെ ആളെക്കൂട്ടിയിട്ടു കാര്യമുണ്ടോ. ഡല്‍ഹിയില്‍ നൂറുപേരെയെങ്കിലും കൂട്ടാന്‍ പറ്റേണ്ടേ. ഡല്‍ഹിയില്‍ ഇവര്‍ യാത്ര ചെയ്യുന്ന വണ്ടി കേടായാല്‍ തള്ളാന്‍ കോണ്‍ഗ്രസുകാരന്‍ വേണ്ടിവരും’ പിഷാരടി സിപിഎമ്മിനെ പരിഹസിച്ചു.
ലോക്‌സഭയില്‍ 100 ചോദ്യങ്ങള്‍ ചോദിച്ചു എന്ന് വീമ്പു പറയുന്നതിനേക്കാള്‍ കാതലായ 30 ചോദ്യങ്ങള്‍ക്കാണ് പ്രാധാന്യം. അങ്ങനെ ഉള്ളവരെയാണ് ലോക്‌സഭയിലേക്ക് എത്തിക്കേണ്ടതെന്നും ജനാധിപത്യം നിലനിര്‍ത്താന്‍ ഉള്ള അവസരം ആണ് ഈ തെരഞ്ഞെടുപ്പെന്നും അത് കൃത്യമായി വിനിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് പിഷാരടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.





