29
May 2023
Thu
29 May 2023 Thu

കോയമ്പത്തൂര്‍: റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി കോടിക്കണക്കിനു രൂപയും 100 പവന്‍ സ്വര്‍ണവും മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ പൊന്നേരി മേട്ടുവീഥിയിലെ അരുണ്‍കുമാര്‍ (37), സുഹൃത്തുക്കളായ പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരെയാണു രാമനാഥപുരം ഇന്‍സ്‌പെക്ടര്‍ പ്രഭാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസില്‍ രണ്ടു മുഖ്യപ്രതികള്‍ ഒളിവിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 20നു കോയമ്പത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു മോഷണം നടന്നത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരി വീട്ടില്‍ തനിച്ചാണു താമസം. ബിസിനസില്‍ സഹായിക്കാനെന്ന പേരില്‍ കൂടെച്ചേര്‍ന്ന സിങ്കാനല്ലൂര്‍ സ്വദേശി വര്‍ഷിണി (29) ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി മയക്കിക്കിടത്തി കവര്‍ച്ച നടത്തി കടന്നുകളയുകയായിരുന്നു. മയക്കംവിട്ടപ്പോള്‍ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസില്‍ പരാതി നല്‍കി.

രണ്ടരക്കോടി രൂപ നഷ്ടപ്പെട്ടതായാണ് പരാതി. ആണ്‍സുഹൃത്ത് അരുണ്‍ കുമാര്‍, ഡ്രൈവര്‍ നവീന്‍കുമാര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു കവര്‍ച്ച. പിടിയിലായ അരുണ്‍കുമാര്‍ 33.2 ലക്ഷം രൂപയും 6 ജോഡി സ്വര്‍ണവളകളും സുഹൃത്തുക്കളെ ഏല്‍പ്പിച്ചതായി മൊഴി നല്‍കി. ഇതില്‍ 31.2 ലക്ഷം രൂപ സേലം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.