മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യ പാദത്തിൽ ക്ലബ് ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് നേർക്കുനേർ. ആദ്യപാദ സെമിയിൽ ഇന്ന് റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ സിറ്റിയുടെ ഉള്ളിൽ നീറ്റലാണ്. കഴിഞ്ഞ സീസൺ രണ്ടാംപാദ സെമിയിൽ ജയമുറപ്പിച്ച സിറ്റിയെ അത്ഭുതപ്രകടനംകൊണ്ടാണ് റയൽ വീഴ്ത്തിയത്. അന്ന് ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ വമ്പൻ തിരിച്ചുവരവ് നടത്തി റയൽ ഫൈനലിൽ പ്രവേശിച്ചത് ഓരോ റയൽ പ്രേമിയേയും ആവേശം കൊള്ളിക്കുന്ന ഓർമയാണ്. ആദ്യ പാദത്തിൽ 4-3ന് തോറ്റ റയൽ രണ്ടാം പാദത്തിൽ 3-1ന്റെ നാടകീയ ജയം നേടിയാണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. 6-5ന്റെ ഇരുപാദ ജയം. തുടർന്ന് ലിവർപൂളിനെ തകർത്ത് റയൽ 14-ാംകിരീടവും സ്വന്തമാക്കി. സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം ഇനിയും ബാക്കി. അന്നത്തെ തോൽവിക്ക് മറുപടി നൽകാനാണ് മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുക.
|
ഇക്കുറി റയലിനെ ഭയപ്പെടുത്താൻ മൂർച്ചയുള്ള ഒരായുധമുണ്ട് സിറ്റിക്ക്. എർലിങ് ഹാലണ്ട് എന്ന ഗോളടിയന്ത്രം. സീസണിൽ ഇതുവരെ 51 ഗോളടിച്ച ഹാലണ്ടായിരിക്കും റയലിന് ഭീഷണി. കെവിൻ ഡി ബ്രയ്ൻ, ജാക് ഗ്രീലിഷ്, റിയാദ് മഹ്റെസ് എന്നീ താരങ്ങളുൾപ്പെട്ട മധ്യനിരയിലാണ് സിറ്റിയുടെ കളി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർജയങ്ങളുമായി കിരീടത്തിലേക്ക് അടുക്കുകയാണ് സിറ്റി. ചാമ്പ്യൻസ് ലീഗ് കിരീടമാണ് പെപ് ഗ്വാർഡിയോളയുടെ പ്രധാന ലക്ഷ്യം. ഗ്വാർഡിയോളയ്ക്ക് കീഴിൽ 2016 മുതലാണ് സിറ്റി കളിക്കുന്നത്. ആ വർഷം മൊണാകോയോട് തോറ്റു. 2020-21 സീസണിൽ കിരീടം കൊതിച്ചെത്തിയ സിറ്റി സംഘത്തെ ചെൽസി ഫൈനലിൽ ഒരു ഗോളിന് തുരത്തി.
മറുവശത്ത് റയൽ കാർലോ ആൻസെലോട്ടിക്ക് കീഴിൽ സീസണിലെ ആദ്യ കിരീടം ചൂടി. സ്പാനിഷ് കിങ്സ് കപ്പാണ് നേടിയത്. അതേസമയം, ലീഗിൽ തിരിച്ചടിയേറ്റു. ബാഴ്സലോണയ്ക്കും അത്ലറ്റികോ മാഡ്രിഡിനും പിന്നിൽ മൂന്നാമതാണ് അവർ. ചാമ്പ്യൻസ് ലീഗിൽ മനോഹരമായ തിരിച്ചുവരവുകളുടെ ചരിത്രമാണ് റയലിനുള്ളത്. കഴിഞ്ഞസീസണിൽ പിഎസ്ജി, ചെൽസി, സിറ്റി ടീമുകൾക്കെതിരെ പിന്നിട്ടുനിന്നശേഷമായിരുന്നു തിരിച്ചുവരവ്.
ബ്രസീൽ താരങ്ങളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറുമാണ് റയലിന്റെ ഊർജം. പരിക്ക് വലയ്ക്കുന്നുണ്ടെങ്കിലും കരിം ബെൻസെമയും ചാമ്പ്യൻസ് ലീഗിൽ നിർണായകമാകും. ലൂക്കാ മോഡ്രിച്ച് പരിക്കുമാറി തിരിച്ചെത്തുന്നത് റയലിന്റെ കരുത്ത് കൂട്ടും. സസ്പെൻഷനിലുള്ള ഏദെർ മിലിറ്റാവോയ്ക്ക് ഇന്ന് കളിക്കാനാകില്ല. ഹാലണ്ടിനെ തളയ്ക്കാൻ അന്റോണിയോ റൂഡിഗർക്കാകും ആൻസെലോട്ടി ചുമതല നൽകുക.
രണ്ടാംപാദ സെമി 17ന് സിറ്റിയുടെ തട്ടകത്തിലാണ്. നാളെ നടക്കുന്ന സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





