തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ King Maker രേവന്ത് റെഡ്ഡി ഇന്ന് അധികാരമേല്‍ക്കും
|
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറുന്നതിന് സഹായിച്ച പി.സി.സി അധ്യക്ഷന്‍കൂടിയായ എ രേവന്ത് റെഡ്ഡി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.04 നാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയെ കൂടാതെ 17 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മുതിര്‍ന്ന നേതാവ് ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയാകും. ഉത്തംകുമാര്‍ റെഡ്ഡിയും മന്ത്രിസഭയില്‍ ഉണ്ടാകും. സത്യപ്രതിജ്ഞയ്ക്കുശേഷം നടക്കുന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ വച്ച് തന്നെ, തിരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിടും .കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, സോണിയ ഗാന്ധി ,രാഹുല്‍ ഗാന്ധി , ഡി കെ ശിവകുമാര്‍,കെസി വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ എല്ലാം ചടങ്ങില്‍ പങ്കെടുക്കും. തെലങ്കാന പ്രക്ഷോഭത്തിനായി ജീവന് ത്യജിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്.
2014 ല്‍ രൂപീകൃതമായ തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് 56 കാരനായ രേവന്ത് റെഡ്ഡി. ബിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവല്ലാത്തെ സംസ്ഥാനത്ത് മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടുമില്ല. സംസ്ഥാനം രൂപീകരിച്ചശേഷം കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ കെ ചന്ദ്രശേഖര റാവുവായിരുന്നു മുഖ്യമന്ത്രി.
എബിവിപിയിലൂടെയാണ് രേവന്ത് റെഡ്ഡി പൊതുപ്രവര്‍ത്തനരംഗത്തേക്ക് വരുന്നത്. പിന്നീട് തെലുങ്കുദേശം പാര്‍ട്ടിയില്‍ ചേര്‍ന്ന രേവന്ത്, 2017 ലാണ് കോണ്‍ഗ്രസിലെത്തിയത്. 119 അംഗ തെലങ്കാന നിയമസഭയില്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരം നേടിയത്. ഭരണകക്ഷിയായിരുന്ന ബിആര്‍എസ് 39 സീറ്റിലേക്ക് പിന്തള്ളപ്പെട്ടു.





