|
ഒരേസമയം 20 സംസ്ഥാനങ്ങളിൽ 90ലേറെ ഇടങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെ അറസ്റ്റ് ചെയ്തത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് ആർഎസ്എസ് ആചാര്യനും ആർബിഐയുടെ പാർട്ട് ടൈം ഡയറക്ടറുമായ എസ് ഗുരുമൂർത്തി.
എവിടെയാണ് പിഎഫ്ഐയുടെ നേതാവ് ഉള്ളത്, ഏതു മുറിയിലാണ് ഉറങ്ങുന്നത്, ഏത് ട്രെയിന്റെ ഏത് ബോഗിയിലാണ് അയാൾ സഞ്ചരിക്കുന്നത് തുടങ്ങി സൂക്ഷ്മ വിവരങ്ങൾ ഏജൻസിക്കു ലഭിച്ചിരുന്നുവെന്നും ഗുരുമൂർത്തി ട്വിറ്ററിൽ വെളിപ്പെടുത്തി. നൂറിലേറെ നേതാക്കളെ അറസ്റ്റ് ചെയ്യുക വഴി നയിക്കാനാളില്ലാതെ സംഘടന സ്വയം തകരുകയെന്ന ലക്ഷ്യമാണ് എൻഐഎ നടപടിക്കു പിന്നിലുള്ളതെന്നും പറഞ്ഞ ഗുരുമൂർത്തി എൻഐഎ നടപടിയെ ബുദ്ധിപരം എന്നും വിശേഷിപ്പിക്കുന്നു.

പുലർച്ചെ നടത്തിയ റെയ്ഡിനെക്കുറിച്ച് മാധ്യമങ്ങൾ പോലും അറിഞ്ഞില്ല. സംഘടനയും ഉറക്കത്തിലായിരുന്നു. ഉണർന്നെണീറ്റ നേതാക്കൾ പൊലീസ് വാനിലേക്കാണ് നേരെ നടന്നുകയറിയത്. റെയ്ഡ്, അറസ്റ്റ് വിവരങ്ങൾ പോപുലർ ഫ്രണ്ട് പ്രവർത്തകർ പോലും രാവിലെയാണ് അറിഞ്ഞതെന്നും ട്വിറ്ററിൽ കുറിച്ച ഗുരുമൂർത്തി കൃത്യമായ തന്ത്രമായിരുന്നു അതെന്നും പ്രശംസിച്ചു.
അതീവരഹസ്യമായി 20 സംസ്ഥാനങ്ങളിൽ നടത്തിയ നീക്കത്തിന്റെ മുഴുവൻ ക്രെഡിറ്റും അമിത് ഷായ്ക്കും അജിത് ഡോവലിനുമാണെന്നും പറഞ്ഞ ഗുരുമൂർത്തി മോദിയെ അഭിനന്ദിക്കുന്നുമുണ്ട്.



