മലപ്പുറം: മുസ്ലീംകളിൽനിന്ന് ഉയരുന്ന എതിർപ്പുകൾ കുറക്കുകയും സമുദായത്തെ അടുപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ആർഎസ്എസ് കേരളത്തിലെതുൾപ്പെടെയുള്ള കൂടുതൽ സമുദായ സംഘടനകളുമായി ചർച്ചകൾനടത്തുന്നു. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് തുടങ്ങിയവയുമായാണ് ഇതുവരെ ചർച്ചനടത്തിയത്. കേരളത്തിൽ മുജാഹിദ്, സമസ്ത കേരള ജംഇയ്യത്തുൾ ഉലമ (ഇ.കെ വിഭാഗം), അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൾ ഉലമ(എ.പി വിഭാഗം), മുജാഹിദുകൾ തുടങ്ങിയവരുമായും ചർച്ചനടത്താനുള്ള നീക്കം ആർഎസ്എസ് തുടങ്ങിയിട്ടുണ്ട്.
എന്നാൽ ചർച്ചക്കായി അനുമതി ചോദിച്ചപ്പോൾ സമസ്ത വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരി, ആർഎസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി തുടങ്ങിയവർ ഉൾക്കൊള്ളുന്ന പാനലാണ് കേരളത്തിലെ മുസ്ലീം സംഘടനകളുമായി ചർച്ചക്ക് വന്നത്. ഇവർ മുജാഹിദുകൾ, ഇരുവിഭാഗം സമസ്ത നേതാക്കൾ തുടങ്ങിയവരെ ഇടനിലക്കാരെ വച്ച് കാണുകയും ചർച്ചയ്ക്ക് വേദിയും സമയവും ആവശ്യപ്പെടുകയുമായിരുന്നു. ഇതിൽ സമസ്ത ഇ.കെ വിഭാഗം മാത്രമാണ് ചർച്ചക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചതെന്നാണ് സൂചന. കാന്തപുരവുമായുള്ള ചർച്ച വൈകാതെ തന്നെ നടക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. കേരളത്തിലെ മുതിർന്ന ആത്മീയ നേതാവുമായി അടുത്ത് തന്നെ ചർച്ചനടത്തുമെന്ന് ആർഎസ്എസ് വൃത്തങ്ങളെ ഉദ്ധരിച്ച് കഴിഞ്ഞദിവസം ദേശീയമാധ്യമങ്ങളും വാർത്ത റിപ്പോർട്ട്‌ചെയ്തിരുന്നു.
|
മുസ്ലീംസംഘടനകളുമായുള്ള ചർച്ചകളുടെ തുടക്കം കുറിച്ചത് ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ് മുഖേനയാണ്. ഡൽഹി ജാമിയ മില്ലിയ്യ മുൻ വി.സി ആയിരുന്ന നജീബ് ജംഗ്, നരേന്ദ്രമോഡി സർക്കാരിന്റെ പ്രതിനിധിയായാണ് ഡൽഹി ലഫ്.ഗവർണർ പദവിയിലെത്തിയത്. തുടർന്ന് ഡൽഹിയിലെ എ.എ.പി സർക്കാരുമായി നിരന്തര ഏറ്റുമുട്ടലിനൊടുവിൽ രാജിവയ്ക്കുകയായിരുന്നു.
നജീബ് ജംഗ് തുടങ്ങിവച്ച ചർച്ചകളുടെ രണ്ടാംഘട്ടം കഴിഞ്ഞമാസം 23ന് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മാലിക് മുഅത്തസ്സിം ഖാൻ ഉൾപ്പെടെയുള്ളവർ ഈ യോഗത്തിൽ സംബന്ധിച്ചു. ഇതിന്റെ തുടർച്ചയായാണ് കേരളത്തിലെയുംചർച്ചകൾ.
RSS makes fresh minority outreach, Jamaath says ok, samastha says a big no



