23
May 2025
Thu
23 May 2025 Thu
KUMARAKAM RSS MEETING

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ ആര്‍എസ്എസ് അനുഭാവികളായ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നു. (RSS supporters in the prison department held a secret meeting)രാഷ്ട്രീയ അടിസ്ഥാനത്തില്‍ സംഘടിക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇവര്‍ കോട്ടയം ജില്ലയിലെ കുമരകത്തെ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉദ്യോഗസ്ഥരെയും തടവുകാരെയും രാഷ്ട്രീയമായി സംഘടിപ്പിക്കാന്‍ ലക്ഷ്യമിട്ടു ചേര്‍ന്ന യോഗത്തെക്കുറിച്ചു പൊലീസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവം ഗൗരവത്തോടെ കാണണമെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

എന്നാല്‍, കാര്യമായ അന്വേഷണം പോലും നടത്താതെ ‘സാധാരണ’ സ്ഥലംമാറ്റത്തില്‍ നടപടി ഒതുക്കി. ‘ഭരണപരമായ സൗകര്യ’ത്തിന് എന്ന പേരിലാണു യോഗത്തില്‍ പങ്കെടുത്ത 18 പേരെ സ്ഥലംമാറ്റിയത്. ബിജെപി ഉന്നതന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നിസാര നടപടിയില്‍ ഒതുക്കിയത്.

ALSO READ: ഇന്ത്യന്‍ ആക്രമണം ഉടന്‍; തങ്ങളുടെ ആയുധങ്ങള്‍ കാഴ്ച്ചയ്ക്കുള്ളതല്ലെന്ന് പാകിസ്താന്‍

ജനുവരി 17നു രാത്രിയിലാണു 13 ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍മാരും 5 അസി.പ്രിസണ്‍ ഓഫിസര്‍മാരും യോഗം ചേര്‍ന്നത്. തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍, തവനൂര്‍ സെന്‍ട്രല്‍ ജയിലുകളിലെയും തിരുവനന്തപുരം ജില്ലാ ജയില്‍, സ്‌പെഷല്‍ സബ് ജയില്‍, വിയ്യൂര്‍ അതീവസുരക്ഷാ ജയില്‍, പാലാ സബ് ജയില്‍, എറണാകുളം ബോസ്റ്റല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരാണു പങ്കെടുത്തത്.

‘ഒരേ മനസ്സുള്ള ഞങ്ങളുടെ കൂട്ടായ്മയ്ക്കു കോട്ടയത്തു തുടക്കമായിരിക്കുന്നു. ഇനി വളര്‍ന്നുകൊണ്ടിരിക്കും’ എന്ന അടിക്കുറിപ്പോടെ ചിലര്‍ ചിത്രം വാട്‌സാപ് സ്റ്റേറ്റസ് ആക്കിയതോടെയാണു രഹസ്യാന്വേഷണ വിഭാഗം വിവരം ശേഖരിച്ചത്. കേരളത്തിലെ ജയിലുകളില്‍ ബിജെപിക്ക് 250ല്‍ ഏറെ രാഷ്ട്രീയത്തടവുകാരുണ്ട്. ഇവരെക്കൂടി സംഘടിപ്പിക്കുന്നതിനു വേണ്ടിയുള്ള നീക്കമാണ് അധികൃതര്‍ നിസാരവല്‍ക്കരിക്കുന്നത്.

ഒത്തുചേരലിനെതിരെ ജയില്‍മേധാവിക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിഷയത്തില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും പാര്‍ട്ടിപരമായിരുന്നില്ല ഒത്തുചേരല്ലെന്നുമാണ് ജയില്‍വകുപ്പിന്റെ വിശദീകരണം. എന്നാല്‍ പല റാങ്കുകളിലുമായുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്തുചേരല്‍ പെട്ടെന്നുണ്ടായതല്ലെന്നും ഇതിന് പിന്നില്‍ കൂടിയാലോചനയുണ്ടായിട്ടുണ്ടെന്നുമാണ് ഇന്റലിജന്‍സിന്റെ അനുമാനം.

പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യം അഞ്ച് പേരെ തിരുവനന്തപുരം സോണില്‍നിന്നു കണ്ണൂര്‍ സോണിലേക്കു മാറ്റിയപ്പോള്‍ ബിജെപി നേതൃത്വത്തിന്റെ ഇടപെടലുണ്ടായെന്നാണു വിവരം. തുടര്‍ന്ന് ഇവര്‍ക്ക് സൗകര്യപ്രദമായ പോസ്റ്റിങ് ലഭിച്ചു.

പൊലീസ് സേനയില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നുവെന്നു മൂന്നു വര്‍ഷം മുന്‍പു സിപിഐ നേതാവ് ആനി രാജ വിമര്‍ശിച്ചപ്പോള്‍ സിപിഎം, സിപിഐ നേതൃത്വം അവരെ തിരുത്തിയിരുന്നു.