26
Nov 2024
Sat
26 Nov 2024 Sat

കൊച്ചി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഏഴ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.(RSS worker murder case: Bail plea of ​​seven Popular Front activists rejected)  പ്രതികള്‍ക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളായ ഹനീഫ (29), ഖാജാ ഹുസൈന്‍ (34), മുഹമ്മദ് ഹക്കിം (25), അബ്ബാസ് (33), ടി. നൗഷാദ് (39), ടി.ഇ. ബഷീര്‍ (44), അമീര്‍ അലി (37) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികള്‍ക്കെതിരേ യു.എ.പി.എ. വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളടക്കമാണ് എന്‍.ഐ.എ ചുമത്തിയിരിക്കുന്നത്.

2022 ഏപ്രില്‍ 16-ണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും പ്രതികളെ സഹായിക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്നുവെന്നുമാണ് ജാമ്യാപേക്ഷ നല്‍കിയവര്‍ക്കെതിരായ ആരോപണം. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ഹൈക്കോടതിയിലെത്തിയത്.

ശ്രീനിവാസനെ നിരീക്ഷിക്കുന്നതിനും കുറ്റകൃത്യം നടത്തുന്നതിനും ആവശ്യമായ മോട്ടോര്‍ സൈക്കിള്‍ തയ്യാറാക്കിക്കൊടുത്തത് പ്രതികളിലൊരാളാണെന്ന് കോടതി നിരീക്ഷിച്ചു. 2022 ഏപ്രില്‍ 15ന് പ്രതികളിലൊരാള്‍ ശ്രീനിവാസനെ നിരീക്ഷിച്ചതായുള്ള രേഖകളും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയുടെ വീട്ടില്‍ നിന്ന് കൈവെട്ട് കേസുമായി ബന്ധപ്പെട്ട ചോദ്യ പേപ്പര്‍ ഉള്‍പ്പെടെ നിരവധി രേഖകള്‍, നോട്ടീസുകള്‍, മാഗസിനുകള്‍ തുടങ്ങിയവ ലഭിച്ചതായും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ഈ കാര്യങ്ങള്‍ കണക്കിലെടുത്താല്‍ പ്രതികള്‍ ജാമ്യത്തിന് അര്‍ഹരല്ലെന്ന് കോടതി വ്യക്തമാക്കി.