ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രശസ്തമായ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഐ.ഐ.സി.സി) പിടിച്ചെടുക്കാനുള്ള സംഘ്പരിവാര്‍ നീക്കം പൊളിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പട്ടതോടെയാണിത്. (Salman Khurshid elected as President of India Islamic Culture Center).
|
ആര്‍.എസ്.എസ് അനുകൂലികളായ മുസ്ലിം നേതാക്കളുടെ പിന്തുണയോടെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പിടിക്കാനായിരുന്നു നീക്കം. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ്സിന് കീഴിലെ ന്യൂനപക്ഷസംഘടനയായ മുസ് ലിം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) ദേശീയ കണ്‍വീനര്‍ ഡോ. മാജിദ് അഹമ്മദ് തലിക്കോട്ടി ഐ.ഐ.സി.സി പ്രസിഡന്റ് പദവിയിലേക്കു മത്സരിപ്പിച്ചെങ്കിലും അദ്ദേഹത്തിന് നാലാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കേന്ദ്രത്തിലേക്കുള്ള ആര്‍.എസ്.എസ്സിന്റെ പ്രവേശനം ഐ.ഐ.സി.സിയുടെ ആശയത്തിനും ലക്ഷ്യത്തിനും ഭീഷണിയാണെന്നും അതിന്റെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും നിരവധി അംഗങ്ങള്‍ നിലപാടെടുത്തതാണ് ഖുര്‍ഷിദ് ജയിക്കാന്‍ കാരണം.
ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങളിലൊന്നായ ലോധി റോഡില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഓരോ അഞ്ച് വര്‍ഷവുമാണ് ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്താറുള്ളത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെ കൂടാതെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലേക്ക് ഏഴ് അംഗങ്ങളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ നാലുതവണയും പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വിജയിച്ച വ്യവസായി സിറാജുദ്ദീന്‍ ഖുറേഷി, മാജിദ് അഹമ്മദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മാജിദ് അഹമ്മദിന്റെ പാനലില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്കാണ് ഇത്തവണ ഖുറേഷി മത്സരിച്ചതെങ്കിലും അദ്ദേഹവും ഇക്കുറി തോറ്റു. 2019ലും ഇസ്ലാമിക് സെന്റര്‍ പിടിക്കാന്‍ ആര്‍.എസ്.എസ് നീക്കം നടത്തിയിരുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അന്ന് ആര്‍.എസ്.എസ് നോമിനിയായി മത്സരിച്ചെങ്കിലും ഖുറേഷിയോട് പരാജയപ്പെട്ടു.
ഇതിനിടെ ഖുറേഷിക്കെതിരേ സാമ്പത്തിക തട്ടിപ്പ് ഉയരുകയും കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുകയുംചെയ്തു. 222 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ഖുറേഷിയെ പ്രഖ്യാപിത കുറ്റവാളിയായി കേന്ദ്ര ഏജന്‍സി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കളങ്കിതനായ വ്യക്തി ഇസ്ലാമിക് സെന്റര്‍ പോലുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് തുടരുന്നതിനെതിരേ ഒരുവിഭാഗം ട്രസ്റ്റി അംഗങ്ങള്‍ രംഗത്തുവന്നിരിക്കെയാണ് ആര്‍.എസ്.എസ് നോമിനിയായ മാജിദ് അഹമ്മദിനെ പിന്തുണച്ച് അദ്ദേഹം രംഗത്തുവന്നത്.
സാജിദ് അഹമ്മദ് താലിക്കോട്ടി, വിരമിച്ച ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ അബ്‌റാര്‍ അഹമ്മദ്, വ്യവസായി ആസിഫ് ഹബീബ് എന്നിവരാണ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നത്.
മുന്‍ കേന്ദ്രമന്ത്രി മുഹ്‌സിന കിദ്വായ്, കോണ്‍ഗ്രസ് നേതാവ് കരണ്‍ സിങ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, താരിഖ് അന്‍വര്‍, കോളമിസ്റ്റ് ഷാഹിദ് സിദ്ദീഖി, വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍ തുടങ്ങി 2,054 അംഗങ്ങള്‍ക്കാണ് വോട്ടെടുപ്പ് അവകാശമുള്ളത്.
ഇസ്ലാമിക വിദ്യാഭ്യാസവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുകയും ഒപ്പം മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര ധാരണ ശക്തിപ്പെടുത്തുകയെന്നതും സെന്ററിന്റെ ലക്ഷ്യമാണ്. 1984 ഓഗസ്റ്റ് 24ന് ഇന്ദിരാ ഗാന്ധിയാണ് ഐ.ഐ.സി.സിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജൂണ്‍ 12 ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയാണ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.