കോഴിക്കോട്: വാഫി കോഴ്‌സുമായി ബന്ധപ്പെട്ട് സമസ്തയിൽ ഉടലെടുത്ത പ്രശ്‌നം തെരുവിൽ സംഘർഷത്തിലേക്ക് വഴിമാറിയതോടെ പ്രശ്‌നപരിഹാരത്തിന് സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കൾ തമ്മിൽ കോഴിക്കോട്ട് അപ്രതീക്ഷിത ചർച്ച. ആനുകാലിക വിഷയങ്ങളെല്ലാം ചർച്ച ചെയ്തതായും ചർച്ചയുടെ തീരുമാനം പിന്നീട് പ്രഖ്യാപനം ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.
|
മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, എം.സി. മായിൻ തങ്ങൾ എന്നിവരും സമസ്തയെ പ്രതിനിധീകരിച്ച് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ, ആലിക്കുട്ടി മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്ല്യാർ, എം.ടി അബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയവരും പങ്കെടുത്തു.
വാഫി വിഷയത്തിൽ ഹകീം ഫൈസി ആദശ്ശേരിക്ക് അനുകൂലമായി ലീഗ് നിലപാടെടുത്തതോടെ ലീഗിനോടും സമസ്തയിൽ അസംതൃപ്തി ഉടലെടുത്തിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം പെരുവള്ളൂരിൽ വാഫി കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിൽ സംഘർഷം ഉടലെടുക്കുകയും സ്ഥാപനം പോലീസ് അടച്ചുപൂട്ടുകയും ചെയ്തു. സമസ്തക്ക് കീഴിലുള്ള പെരുവള്ളൂർ അറബിക് കോളജ് കമ്മിറ്റിയിൽനിന്ന് സാദിഖലി തങ്ങളെ പുറത്താക്കിയതാണ് സംഘർഷത്തിന് കാരണമായത്. ഈ സാഹചര്യത്തിലാണ് നേതാക്കൾ കോഴിക്കോട്ട് യോഗം ചേർന്നത്.
യോഗത്തിന്റെ ചിത്രം സമസ്ത, ലീഗ് നേതാക്കൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





