സമസ്തയെ ചൊടിപ്പിച്ചത് PMA സലാമിന്റെ ‘കുത്തിയുള്ള’ പ്രതികരണം; സാദിഖലി തങ്ങള്‍ക്ക് പരാതി നല്‍കിയത് മുതിര്‍ന്ന സമസ്ത നേതാക്കള്‍, പിന്നാലെ ജിഫ്രി തങ്ങളുടെ മറുപടിയും
|
കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത നേതാക്കള്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കാന്‍ കാരണം അദ്ദേഹത്തിന്റെ തുടര്‍ച്ചയായ പരോക്ഷ വിമര്‍ശനം. ജിഫ്രി തങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങള്‍ക്കും പി.കെ കുഞ്ഞാലിക്കുട്ടിക്കും കത്ത് നല്‍കിയത്.
ഏറ്റവും ഒടുവില്‍ തട്ടം വിഷയത്തിലുള്ള, ജിഫ്രി തങ്ങളെ ഉന്നംവച്ചുള്ള സലാമിന്റെ പ്രതികരണമാണ് സമസ്ത നേതാക്കളെ ചൊടിപ്പിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാന്‍ കല്ലായിയുടെ പ്രസംഗവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. സമസ്തയെയും നേതാക്കളെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളില്‍ ലീഗിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ അധിക്ഷേപിക്കുന്ന പ്രവണത വര്‍ധിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകള്‍ നമ്മുടെ സമുദായത്തില്‍ ഉണ്ടെന്നായിരുന്നു തട്ടം വിഷയത്തില്‍ മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സലാം പരാമര്‍ശിച്ചത്.
ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ മുതിര്‍ന്ന 21 നേതാക്കളാണ് പരാതിയില്‍ ഒപ്പിട്ടത്.
അതേസമയം, വിവാദത്തിന് പിന്നാലെ സലീമിന് പരോക്ഷ മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ രംഗത്തുവന്നു. ഭരണം നടത്തുന്നവരുമായി സൗഹൃദത്തില്‍ പോകലാണ് സമസ്തയുടെ നയമെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്തയുടെ ആവശ്യങ്ങള്‍ ഭരണാധികാരികളെ നേരിട്ട് കണ്ടോ ഫോണില്‍ വിളിച്ചോ അറിയിക്കും. യു.ഡി.എഫ് ഭരിച്ചപ്പോഴും എല്‍.ഡി.എഫ് ഭരിക്കുമ്പോഴും സമസ്ത ഇത് ചെയ്തിട്ടുണ്ട്. അതിനെ ആക്ഷേപിക്കുന്ന ചിലരുണ്ടെന്നും അത് മാന്യതക്ക് യോജിച്ചതല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





