29
Jul 2023
Sun
29 Jul 2023 Sun

”…ലീഗിന് വോട്ട് ചെയ്തില്ലെങ്കില്‍ നരകത്തില്‍ പോകുമോ..”!; ചോദ്യത്തിന് ജിഫ്രി തങ്ങളുടെ മറുപടി ഇങ്ങനെ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തിലെ മുസ്ലിംകളുടെ മുഖവും ശബ്ദവുമാണ് സമസ്തയെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ബി ടീം അല്ലെന്നും മുസ്‌ലിം ലീഗിനെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. തന്റെ മുന്‍ഗാമികളെല്ലാം നല്ല കാഴ്ചപ്പാടുള്ള മഹാന്മാരായിരുന്നു. മത മേഖലയില്‍ വലിയ പണ്ഡിതരായിരുന്നു അവര്‍. പുറത്തുനിന്നുള്ള ആളുകള്‍ സമസ്തയെ ഗൗരവത്തോടെ കാണുന്നു എന്നത് നല്ല കാര്യമാണ്. സമസ്ത ഏതെങ്കിലും ഭൗതിക നേട്ടങ്ങള്‍ക്ക് രൂപവത്കരിക്കപ്പെട്ട സംഘടനയല്ല. വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ക്ക് വഴി കാണിക്കാന്‍ രൂപവത്കരിച്ചതാണ്. മതവിഷയങ്ങള്‍ മാത്രമേ തങ്ങള്‍ അഭിപ്രായം പറയാറുള്ളൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന് വോട്ട് ചെയ്തില്ലെങ്കില്‍ നരകത്തില്‍ പോകുമോ എന്ന ചോദ്യത്തിന്, അങ്ങിനെ സമസ്ത ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. ജനങ്ങള്‍ക്ക് കൂടുതല്‍ വിദ്യാഭ്യാസം ലഭിക്കാത്ത കാലത്ത് അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

സമസ്ത മുസ്ലിം ലീഗുമായി നല്ല അടുപ്പത്തിലാണെല്ലോ എന്ന ചോദ്യത്തിന് സമസ്തയില്‍ കൂടുതലും മുസ്ലീം ലീഗ് പ്രവര്‍ത്തകരാണുള്ളതെന്നും അതുകൊണ്ടാണ് അങ്ങനെയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ ഒരിക്കലും സമസ്ത പിന്തുണയ്ക്കില്ല. ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ദിവസവും നൂറു തവണ പറഞ്ഞാല്‍ പ്രശ്‌നങ്ങളാണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടാവും. ലോകത്തെല്ലായിടത്തും പ്രശ്‌നങ്ങള്‍ ഉണ്ട്. സിറിയയിലേക്ക് ആടിനെയോ പശുവിനെയോ നോക്കാന്‍ പോയാല്‍ പ്രശ്‌നത്തിന് പരിഹാരം ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം സംഘടിപ്പിച്ച സെമിനാറില്‍ സമസ്ത പങ്കെടുക്കുന്നതിനെതിരേ പരോക്ഷവിമര്‍ശനം ഉന്നയിച്ച മുതിര്‍ന്ന നേതാവ് ബഹാഉദ്ദീന്‍ നദ്‌വിയുടേത് വ്യക്തിപരമായ നിലപാടാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കമ്യൂണിസ്റ്റുകള്‍ ചരിത്രത്തില്‍ മുസ്‌ലിം വിരുദ്ധ നിലപാട് എടുത്തിട്ടുണ്ടാകാം. അതിനിപ്പോള്‍ പ്രസക്തിയുണ്ടോ? സിപിഎം മാത്രമല്ല, സംസ്ഥാനത്ത് കോണ്‍ഗ്രസും ഏക സിവില്‍ കോഡിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളത്. സിപിഎം സെമിനാറില്‍ ലീഗ് പങ്കെടുക്കാത്തത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ്. കോണ്‍ഗ്രസ് അതിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല. യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുന്നതു കൊണ്ടാണ് ലീഗിന് അങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. മുന്നണിയിലെ സഖ്യകക്ഷികള്‍ ഒക്കച്ചങ്ങാതിമാര്‍ ആണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ട്. അതിനര്‍ത്ഥം ലീഗ് സിപിഎം സെമിനാറിന് എതിരാണ് എന്നല്ല- ജിഫ്‌രി തങ്ങള്‍ പറഞ്ഞു.