02
Jan 2024
Wed
02 Jan 2024 Wed

പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ ലീഗ് വിരുദ്ധരായ സമസ്തയുടെ യുവനേതാക്കളെ വെട്ടി; പിന്നില്‍ സാദിഖലി തങ്ങളെന്ന് ആരോപണം; ലീഗ്- സമസ്ത ബന്ധം വീണ്ടും തകരുന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ വാര്‍ഷിക സമ്മേളനത്തില്‍ ലീഗ് വിരുദ്ധരായ സമസ്തയുടെ യുവനേതാക്കളെ വെട്ടിയതോടെ മുസ്ലിം ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും വിള്ളല്‍. സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെ ജാമിഅ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓസ്‌ഫോജ്‌നയും എസ്‌കെഎസ്എസ്എഫും യുവ നേതാക്കളെ വെട്ടിയതിനെതിരെ രംഗത്തുവരികയും ചെയ്തത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

സമസ്ത യുവനേതാക്കളെ ഒഴിവാക്കിയതിനെതിരെ ജാമിഅഃ ക്യാമ്പസില്‍ ലഘുലേഖ വിതരണം ചെയ്തു. ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ലഘുലേഖകള്‍ ഇറക്കിയിരിക്കുന്നത്. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് സമസ്തയുടെ യുവനേതാക്കളെ മാറ്റി നിര്‍ത്തിയത് എന്നാണ് ആരോപണം. സമസ്തയുടെ ആദര്‍ശം പറഞ്ഞവരെ സമസ്തയുടെ സമുന്നത സ്ഥാപനത്തിലെ പരിപാടികളില്‍നിന്ന് തഴഞ്ഞതിന് കടുത്ത വില നല്‍കേണ്ടിവരുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തല്‍മണ്ണയിലെ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിയ്യ കോളേജ്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡണ്ടായ സ്ഥാപനത്തിന്റെ വാര്‍ഷിക സമ്മേളനം ഇന്ന് തുടങ്ങി ഞായറാഴ്ച സമാപിക്കും.

സമ്മേളനങ്ങളില്‍ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. ജാമിഅയുടെ പൂര്‍വവിദ്യാര്‍ഥികള്‍ കൂടിയായ കൂടിയായ ഹമീദ് ഫൈസി അമ്പലക്കടവ്, റഷീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ എന്നിവര്‍ക്ക് പുറമെ സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപാറ എന്നിവരെയും മാറ്റി നിര്‍ത്തിയിട്ടുണ്ട്.

ഏക സിവില്‍ കോഡ് വിഷയമടക്കം പല ഘട്ടങ്ങളിലായി മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചവരാണ് മാറ്റി നിര്‍ത്തപെട്ടവര്‍. സമസ്തയുടെ സ്ഥാപനത്തിലെ പരിപാടിയില്‍ നിന്ന് തന്നെ യുവ നേതാക്കളെ വെട്ടി മാറ്റിയതില്‍ സംഘടനയ്ക്ക് അകത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സമ്മേളന പ്രചാരണാര്‍ത്ഥം കാസര്‍കോട് ജില്ലയില്‍ ഇന്നലെ നടത്താന്‍ തീരുമാനിച്ചിരുന്ന ജാമിഅഃ ഫെസ്റ്റ് നിറുത്തി വെച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക