25
Jan 2025
Thu
25 Jan 2025 Thu
Sambhal Mosque

ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ സംഭല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. (Sambhal Mosque survey: High Court stays further proceedings)  മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ നവംബര്‍ 19ലെ വിചാരണ കോടതി നടപടിക്കെതിരേ പള്ളി കമ്മിറ്റി നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് റോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഘപരിവാര പ്രവര്‍ത്തകന്റെ ഹരജി പരിഗണിച്ചാണ് വിചാരണ കോടതി സര്‍വേക്ക് ഉത്തരവിട്ടത്. കല്‍ക്കി ഭഗവാന്റെ ശ്രീ ഹരി ഹര്‍ ക്ഷേത്രം തകര്‍ത്താണ് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1526ല്‍ ഇവിടെ മസ്ജിദ് നിര്‍മിച്ചതെന്നാണ് സംഘപരിവാരം അവകാശപ്പെടുന്നത്. സര്‍വേക്കെതിരായ പ്രതിഷേധത്തിനിടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ആറ് മുസ്ലിംകള്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കാനാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, യുപി സര്‍ക്കാര്‍, ജില്ലാ മജിസ്‌ട്രേറ്റ്, മസ്ജിദ് കമ്മിറ്റി എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു. മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി പരിഗണിക്കുന്നതുവരെ തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രിം കോടതി നേരത്തേ വിചാരണ കോടതിയോട് നിര്‍ദേശിച്ചിരുന്നു.

ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ കീഴ്‌ക്കോടതികള്‍ പരിഗണിക്കരുതെന്ന സുപ്രധാനമായ ഉത്തരവും കഴിഞ്ഞ മാസം സുപ്രിം കോടതി പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സംഘപരിവാര സംഘടനകള്‍ മസ്ജിദുകളുടെ മേല്‍ അവകാശവാദമുന്നയിച്ച് നിരവധി ഹരജികള്‍ കോടതികളില്‍ സമര്‍പ്പിച്ചിരുന്നു.

ചരിത്രപരമായ തെളിവുകളൊന്നുമില്ലാത്ത ഇത്തരം അവകാശവാദങ്ങള്‍ നാട്ടിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കുന്നതായി മനസ്സിലാക്കിയാണ് സുപ്രിം കോടതി ഇടപെടല്‍. ആരാധനാലയങ്ങളുടെ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന നിമയത്തിന് എതിരാണ് ഇതെന്നതും കോടതി ഇടപെടലിന് കാരണമായി.