മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരില്‍ മുസ്ലിം വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ സംഘപരിവാര പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. (Sangh Parivar attack in Maharashtra; Attack on 60 Muslim houses after destroying the mosque) കഴിഞ്ഞ ദിവസം ഹിന്ദുത്വ പ്രവര്‍ത്തകര്‍ പള്ളി തകര്‍ത്തതിന് പിന്നാലെയാണ് നിരവധി മുസ്ലിം വീടുകള്‍ ആക്രമിച്ച റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച 60ഓളം വീടുകളാണ് സംഘപരിവാര പ്രവര്‍ത്തകര്‍ തകര്‍ത്തത്.
|
ആയിരക്കണക്കിന് ഹിന്ദുത്വരാണ് ജയ് ശ്രീറാം വിളികളുമായി മുസ്ലിം കേന്ദ്രങ്ങളില്‍ പരക്കെ ആക്രമണം നടത്തിയത്. വീടുകള്‍ കൊള്ളയടിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. വന്‍ജനക്കൂട്ടത്തിന്റെ ആക്രമണം ചെറുക്കാനാവാതെ പ്രദേശത്തെ താമസക്കാര്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടി വനങ്ങളില്‍ ഒളിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വാഹനങ്ങളും വീടുകളും തീവച്ച് നശിപ്പിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘമാണ് കോലാപൂരിലെ ഗജാപൂര്‍ ഗ്രാമത്തിലെ മസ്ജിദ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. കാവി ഷാള്‍ ധരിച്ചെത്തിയ സംഘം പള്ളിക്ക് മുകളില്‍ കയറി ആയുധങ്ങള്‍ ഉപയോഗിച്ച് പള്ളിയുടെ താഴികക്കുടം തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കേടായ ജനാലകളും ഖുര്‍ആനിന്റെ കത്തിച്ച പേജുകളും കണ്ടെടുത്തിരുന്നു ആക്രമണം നടക്കുമ്പോള്‍ പള്ളിയില്‍ ആരും ഉണ്ടായിരുന്നില്ല.

രാജ്യസഭാ എംപി സാംഭാജി രാജിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പ്രദേശത്ത് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. ചരിത്രപ്രാധാന്യമുള്ള വിശാല്‍ഗഡ് കോട്ടയിലുള്ള അനിധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രദേശത്തേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു എംപിയുടെ ആഹ്വാനം. ഞായറാഴ്ച്ച് സാംഭാജി രാജ് പ്രദേശത്ത് എത്തുന്നതിന് മുമ്പാണ് സംഘപരിവാര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആക്രമണം ആരംഭിച്ചത്.





