മംഗ്ളൂരു: ബജ്പെയില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദക്ഷിണകന്നഡ ജില്ലയില്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. (Sangh Parivar bandh; Stones pelted at bus in Mangaluru; Youth stabbed in Bantwal) വൈകുന്നേരം ആറുവരെയാണ് ബന്ദ്.
|
കടകളെല്ലാം പൂര്‍ണ്ണമായും അടഞ്ഞുകിടക്കുന്നു. വാഹന സര്‍വ്വീസും നിലച്ചു. മംഗ്ളൂരു നഗരത്തില്‍ വെള്ളിയാഴ്ച്ച രാവിലെ റോഡിലിറങ്ങിയ സ്വകാര്യ ബസ്സുകള്‍ക്കു നേരെ കല്ലേറുണ്ടായി.
വെള്ളിയാഴ്ച രാവിലെയാണ് നഗരത്തില്‍ രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെ അക്രമികള്‍ കല്ലെറിഞ്ഞത്. കോഹിനൂര്‍, മേഴ്സി എന്നീ പേരുകളിലുള്ള ബസുകളുടെ ചില്ലുകള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചു.
ALSO READ: ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകന്റെ കൊല: മംഗളൂരുവില്‍ നിരോധനാജ്ഞ; അതീവ ജാഗ്രതയില്‍ പോലീസ്
മംഗ്ളൂരു യൂണിവേഴ്സിറ്റി കോളേജിന് സമീപം ബസ് ഓടിക്കൊണ്ടിരിക്കുമ്പോളാണ് അക്രമം നടന്നത്. രാവിലെ യാത്രക്കാര്‍ തീരെ കുറവായതിനാല്‍ ആളപായം സംഭവിച്ചില്ല. കല്ലേറിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി നഗരത്തിലെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
സംഘര്‍ഷത്തിനു സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മംഗ്‌ളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ പരിധിയില്‍ 144 പ്രകാരവും ദക്ഷിണ കന്നഡയില്‍ പൊലീസ് ആക്ട്പ്രകാരവും നിരോധനാജ്ഞ ഏര്‍പ്പെടുത്തി.
അക്രമ സംഭവങ്ങള്‍ തടയുന്നതിന് കര്‍ണ്ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ സായുധ പൊലീസിനെ മംഗ്ളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു.
ബണ്ടാളില്‍ യുവാവിന് കുത്തേറ്റു
അതേ സമയം ബണ്ട്വാളില്‍ ഒരു യുവാവിന് വെട്ടേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മാര്‍ക്കറ്റില്‍ കൂലി തൊഴിലാളിയായ യുവാവിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തിയത്. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്ത് ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബജ്പെയിലെ കൊലപാതകത്തെ തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആര്‍. ഹിതേന്ദ്ര മംഗ്ളൂരുവിലെത്തി.


