21
May 2025
Mon
21 May 2025 Mon
Saudi arabia denies lifting liquor ban news

73 വര്‍ഷമായി തുടരുന്ന മദ്യ ഉപഭോഗ നിരോധനം 2026ഓടെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തള്ളി സൗദി അറേബ്യ. ഇസ് ലാമിന്റെ ജന്മസ്ഥലമാണ് സൗദിയെന്നും മുസ് ലിംകള്‍ക്ക് മദ്യം നിരോധിക്കുന്നത് തങ്ങള്‍ തുടരുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോടു പ്രതികരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയോം, സിന്‍ദല ദ്വീപ്, ചെങ്കടല്‍ പദ്ധതി പ്രദേശം തുടങ്ങിയ വിനോദസഞ്ചാരമേഖലകളില്‍ സൗദി അറേബ്യ മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ഇക്കാര്യം നിഷേധിച്ച് സൗദി അറേബ്യ രംഗത്തുവന്നത്.

റിയാദ് എക്‌സ്‌പോ 2030, ഫിഫ ലോകകപ്പ് 2034 എന്നിവ കണക്കിലെടുത്ത് സൗദി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഞ്ചനക്ഷത്രഹോട്ടലുകള്‍, ആഡംബര റിസോര്‍ട്ടുകള്‍, നയതന്ത്ര സോണുകള്‍ തുടങ്ങിയ 600 കേന്ദ്രങ്ങളില്‍ നിയന്ത്രിത മദ്യവില്‍പ്പനയ്ക്കു അനുമതി നല്‍കുന്നതിന് നിയമനിര്‍മാണം നടത്തുകയാണെന്നായിരുന്നു റിപോര്‍ട്ടുകള്‍. 1952 മുതല്‍ സൗദി അറേബ്യയില്‍ മദ്യനിരോധനം നിലവിലുണ്ട്. അതേസമയം 2024 ജനുവരി മുതല്‍ റിയാദിലെ ഒരു ഷോപ്പില്‍ അമുസ് ലിം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി കടുത്ത ഉപാധികളോടെ മദ്യം നല്‍കുന്നതിന് അനുവാദം നല്‍കിയിട്ടുമുണ്ട്.

2034 ഫിഫ ലോകകപ്പിന് മദ്യം അനുവദിക്കില്ലെന്ന് ഫെബ്രുവരിയില്‍ യുകെയിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്‍ദര്‍ അല്‍ സൗദ് രാജകുമാരന്‍ വ്യക്തമാക്കിയിരുന്നു. മദ്യനിരോധനം നീക്കാന്‍ യാതൊരു വിധ പദ്ധതികളുമില്ലെന്ന് ടൂറിസം സഹമന്ത്രി ഹൈഫ ബിന്‍ത് മുഹമ്മദ് 2022ലും പറയുകയുണ്ടായി.