|
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയിൽ നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ചോദ്യംചെയ്തുള്ള രണ്ടു ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര എന്നിവരുടെ ഹർജിയും അഭിഭാഷകനായ എം എൽ ശർമയുടെ ഹർജിയുമാണ് പരിഗണിക്കുന്നത്.ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സുന്ദരേഷ് എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
വാർത്താ വിതരണ മന്ത്രാലയം ജനുവരി 21 ന് പുറപ്പെടുവിച്ച ഡോക്യുമെന്ററി വിലക്കിയുള്ള ഉത്തരവ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമാണ് ആണെന്നാണ് എം എൽ ശർമയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡോക്യുമെന്ററിയുടെ രണ്ടു ഭാഗങ്ങളും കോടതി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരത്തിലിരിക്കുന്നവർക്ക് അനുകൂലമല്ല എന്നതുകൊണ്ട് ഡോക്യുമെന്ററി വിലക്കാനാകില്ല, വിലക്ക് ഏർപ്പെടുത്തിയ ഉത്തരവ് പരസ്യപ്പെടുത്തിയില്ല, ഓൺലൈൻ വാർത്താപോർട്ടലുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട മാർഗരേഖയിലെ ഹൈക്കോടതി സ്റ്റേ ചെയ്ത വകുപ്പുകൾ ഉപയോഗിച്ചാണ് ഡോക്യുമെന്ററി ലിങ്കുകൾ മാറ്റിയത് തുടങ്ങിയ വാദങ്ങൾ ഹർജികളിലുണ്ട്.
ബിബിസി ഡോക്യുമെന്ററിയും ആയി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകൾ നീക്കിയതിന് എതിരെയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമും, അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചു. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയാണ് സമൂഹമാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കേന്ദ്രസർക്കാർ വിലക്കിയത്.



