26
Jan 2025
Thu
26 Jan 2025 Thu
School bus accident

കണ്ണൂര്‍: ശ്രീകണ്ഠപുരം വളക്കൈയില്‍ ഒരുകുട്ടിയുടെ മരണത്തിനിടയാക്കിയ സ്‌കൂള്‍ ബസ് അപകടത്തിന് കാരണം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതല്ലെന്ന് കണ്ടെത്തല്‍. (School bus accident not caused by brake failure; driver’s statement is false) അപകടത്തിന് ഇടയാക്കും വിധമുള്ള സാങ്കേതിക തകരാറുകളൊന്നും വാഹനത്തിന് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ആര്‍.ടി.ഒക്ക് റിപോര്‍ട്ട് നല്‍കി. ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായി എന്നായിരുന്നു ഡ്രൈവറുടെ മൊഴി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രൈവറുടെ പരിചയക്കുറവും അമിത വേഗവുമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

ഇതേ തുടര്‍ന്ന് ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കി. ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അപകടസമയത്ത് ഡ്രൈവര്‍ നിസാം മൊബൈല്‍ ഉപയോഗിച്ചതായും സൂചനയുണ്ട്.

അപകടത്തില്‍ മരിച്ച കുറുമാത്തൂര്‍ ചിന്മയ സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ഥിനി ചെര്‍ക്കള നാഗം സ്വദേശിനി വായക്കല്‍ വീട്ടില്‍ നേദ്യ എസ്. രജേഷിന്റെ(11) മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പരിക്കേറ്റ 18 വിദ്യാര്‍ഥികള്‍ ചികിത്സയില്‍ തുടരുകയാണ്. ആരുടെയും നില ഗുരുതരമല്ല.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് വളക്കൈയില്‍ ബസ് മറിഞ്ഞത്. കിരാത്ത് ഭാഗത്ത് പഞ്ചായത്ത് റോഡില്‍നിന്ന് വന്ന ബസ് കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കീഴ്മേല്‍ മറിഞ്ഞ് സംസ്ഥാനപാതയില്‍ പതിക്കുകയായിരുന്നു. ബസില്‍നിന്ന് തെറിച്ചുവീണ നേദ്യ ബസിനടിയില്‍പ്പെട്ടു. 18 വിദ്യാര്‍ഥികളും ഡ്രൈവറും ആയയും ഉള്‍പ്പെടെ 20 പേര്‍ക്കാണ് പരിക്കേറ്റത്.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബസ് ഉയര്‍ത്തി നേദ്യയെയും മറ്റ് കുട്ടികളെയും പുറത്തെടുത്തു. ഉടന്‍ ആശുപത്രിലെത്തിച്ചെങ്കിലും നേദ്യയെ രക്ഷിക്കാനായില്ല. ചെര്‍ക്കള നാഗത്തെ എം.പി. രാജേഷിന്റെയും സീനയുടെയും മകളാണ്. സഹോദരി: വേദ. സംസ്‌കാരം പിന്നീട്.