23
Mar 2025
Fri
23 Mar 2025 Fri

കോഴിക്കോട്: ഫറോക്കിൽ സ്കൂൾ വാനിൽനിന്ന് ഇറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ച് മരിച്ചു. നല്ലളം കീഴ്‌വനപാടം വലിയപടന്ന വി.പി. അഫ്സലിന്റെ മകൾ സൻഹ മറിയം ആണ് മരിച്ചത്. എട്ടു വയസ്സുണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുണ്ടായിത്തോട് ചെറിയ കരിമ്പാടം അംഗൻവാടിക്കു സമീപം ഇന്നലെ വൈകീട്ട് 4.15നാണ് അപകടം സംഭവിച്ചത്. ചെറുവണ്ണൂർ വെസ്റ്റ് എ.എൽ.പി സ്കൂളിൽ പഠിക്കുന്ന സൻഹ മറിയത്തിനെ സ്കൂൾ വാഹനത്തിൽ മാതാവിന്റെ വീട്ടുപരിസരത്ത് ഇറക്കിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയെ ഇറക്കിയശേഷം ഉടൻ വാഹനം പിറകോട്ട് എടുത്തത്തോടെ കുട്ടിയുടെ തലയിലൂടെ ടയറുകൾ കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നുവെന്നു പോലിസ് പറഞ്ഞു.

കെ.എൽ 11 ബി.ക്യൂ 0600 സ്കൂൾ വാൻ ആണ് അപകടത്തിനിടയാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ മണ്ണൂർവളവ് പെരിങ്ങോട്ടുകുന്ന് സ്വദേശി നിധിൻലാലിനെതിരെ (22) നല്ലളം പൊലീസ് കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതായി ഫറോക്ക് ജോയന്റ് ആർ.ടി.ഒ സി.പി. സക്കരിയ അറിയിച്ചു.

മാതാവ്: സുമയ്യ. സഹോദരങ്ങൾ: റബീഹ്, യസീത്. ഖബറടക്കം ഇന്ന് ഉച്ചക്ക് മൂന്നിന് നല്ലളം പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

A second-grade student who got out of a school van in Kozhikode was hit by the same vehicle and died.