തിരുവനന്തപുരം: പകുതി വിലക്ക് സ്‌കൂട്ടര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജീവനക്കാര്‍ മിക്കവരും ഒളിവില്‍. (Scooter scam at half price; Ananthu’s employees absconding) അനന്തുവിന്റെ അക്കൗണ്ടന്റ് അടക്കമുള്ള ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
|
എന്നാല്‍, ജീവനക്കാരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പണം ചെലവാക്കിയതുമായി ബന്ധപ്പെട്ട മൊഴികളില്‍ വൈരുധ്യമെന്നും അന്വേഷണ സംഘം പറഞ്ഞു.
അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്.
നിലവില്‍ അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് കോടതി. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
തട്ടിയ പണം എവിടെ നിക്ഷേപിച്ചെന്ന അന്വേഷണത്തിലാണ് പോലീസ്. തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
നാല് കോടിയോളം രൂപയുള്ള അക്കൗണ്ട് മാത്രമാണ് പോലീസിന് ഇതുവരെ കണ്ടെത്താനായത്. ഇത് മരവിപ്പിച്ചിട്ടുണ്ട്. അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇന്നോവ ക്രിസ്റ്റ അടക്കം മൂന്നു കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു അനന്തുവിന്റെ തട്ടിപ്പ്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്.
എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു. പകുതിവിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്താണ് അനന്തു തട്ടിപ്പ് നടത്തിയത്.


